മദ്യനയം പരിഷ്കരിക്കുമെന്ന സൂചന നല്കി നയപ്രഖ്യാപനപ്രസംഗം; തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക പ്രധാനലക്‌ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

വെള്ളി, 24 ജൂണ്‍ 2016 (09:25 IST)
മദ്യനയം പരിഷ്കരിക്കുമെന്ന സൂചന നല്കി ഗവര്‍ണര്‍ പി സദാശിവം പുതിയ സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനലക്‌ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്.
 
വളരെ പ്രതീക്ഷയൊടെയാണ് ജനം പുതിയ സര്‍ക്കാരിനെ നോക്കിക്കാണുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാസമരം സര്‍ക്കാര്‍ നടത്തും. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്‌ഷ്യം
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മാറ്റം കൊണ്ടുവരും. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക പ്രധാന ലക്‌ഷ്യമാണെന്നും നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ വ്യക്തമാക്കി.
 
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കും. ജില്ല, ഉപജില്ല തലങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുകയും അവിടെ വെച്ചു തന്നെ പ്രശ്നങ്ങള്‍ക്കു  പരിഹാരം കണ്ടെത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കും.
 
സംസ്ഥാനത്തെ ക്രമസമാധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 
ജീവനക്കാര്‍ക്കായി പരിശീലന പദ്ധതികള്‍ ഉണ്ടാക്കും. സിവില്‍ സര്‍വ്വീസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആരംഭിക്കും. 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും.
 
തദ്ദേശസ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. 1500 ഓളം സ്റ്റാര്‍ട് അപ്പ് പദ്ധതികള്‍ ആരംഭിക്കും. ഐ ടി മേഖലയില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. വികസനത്തില്‍ വനിതാപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കാര്‍ഷികമേഖലയിലടക്കം 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ദുര്‍ബലവിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കും. ദുര്‍ബലവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക