ഹരിയാനയില്‍ പോയാല്‍ ബീഫ് കഴിക്കാം; നിയമത്തില്‍ പൊളിച്ചെഴുത്ത് ഉണ്ടായേക്കും

തിങ്കള്‍, 8 ഫെബ്രുവരി 2016 (11:00 IST)
ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശരാജ്യങ്ങളില്‍നിന്ന് അനവധിയാളുകള്‍ ജോലി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിലാണ് നിയമത്തില്‍ പൊളിച്ചെഴുത്ത് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് വിദേശികള്‍ കമ്പനികളെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈയിടെ നിക്ഷേപസമാഹരണം മുന്നില്‍ക്കണ്ട് ജപ്പാന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനോട് വ്യവസായം പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ചില പ്രധാന കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് ബീഫ് വിഷയത്തില്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറെടുക്കുന്നത്.

വിദേശികള്‍ക്ക് മാത്രമായി പ്രത്യേക ലൈസന്‍സ് നല്‍കി ബീഫ് വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം.
വാണിജ്യവളര്‍ച്ചയും വിദേശനിക്ഷേപവും ലക്ഷ്യമിട്ടാണ് നീക്കം. പ്രത്യേക ലൈസന്‍സ് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.

ഓരോ വ്യക്തികള്‍ക്കും ഭക്ഷണക്കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടായിരിക്കുമെന്നും അത് നമ്മള്‍ മാനിക്കണമെന്നുമാണ് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ പറയുന്നത്. വിദേശികള്‍ക്ക് പ്രത്യേകിച്ച് പ്രത്യേക ഭക്ഷണശീലങ്ങളുണ്ടാകും. അവര്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ അത് നമ്മള്‍ മാനിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക