1971നു മുന്‍പ്‌ കുടിയേറിയ ബംഗ്ലാദേശികളെ ഇന്ത്യക്കാരായി കാണണം

ബുധന്‍, 21 മെയ് 2014 (15:48 IST)
1971 മാര്‍ച്ച്‌ 24ന്‌ മുന്‍പ്‌ ഇന്ത്യയിലേക്കു കുടിയേറിയ ബംഗ്ലാദേശികള്‍ ഇന്ത്യക്കാരാണെന്ന്‌ മേഘാലയ ഹൈക്കോടതി. ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൗരത്വത്തില്‍ സംശയമുണ്ടെന്നു കാണിച്ച്‌ ജില്ലാ ഭരണകൂടം വോട്ടേഴ്സ്‌ ലിസ്റ്റില്‍ പേര്‌ ചേര്‍ക്കാതിരുന്ന ബംഗ്ലാദേശില്‍ നിന്നുള്ള 40 അഭയാര്‍ഥികളുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
 
ബംഗ്ലദേശ്‌ പുതിയ രാജ്യമായി രൂപീകരിക്കുന്നതിനു മുന്‍പ്‌ ഇന്ത്യയിലേക്കു കുടിയേറിയവരുടെ പിന്‍ഗാമികളെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കണമെന്നും കോടതി വ്യക്‌തമാക്കി. 
പിടിച്ചെടുത്ത പൗരത്വ രേഖകള്‍ ഹര്‍ക്കാര്‍ക്കു തിരികെ നല്‍കാനും ഇവരുടെ പേര്‌ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും മേയ്‌ 15ന്‌ ഇറങ്ങിയ ഉത്തരവില്‍ കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ എസ്‌.ആര്‍. സെന്‍ വ്യക്‌തമാക്കി. ഇവരുടെ മുന്‍തലമുറ 1971 മാര്‍ച്ച്‌ 24ന്‌ മുന്‍പ്‌ ഇന്ത്യയിലെത്തിയവരാണെന്ന്‌ വ്യക്‌തമായ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
 
അസം-മേഘാലയ അതിര്‍ത്തിയോടു ചേര്‍ന്ന്‌ മേഘാലയയിലെ റി-ഭോയ്‌ ജില്ലയിലെ അംജോങ്ങ്‌ ഗ്രാമത്തിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. ഇവരുടെ പൗരത്വ രേഖകള്‍ ഡെപ്യൂട്ടി കമ്മിഷണര്‍ തടഞ്ഞുവച്ച സാഹചര്യത്തിലാണ്‌ ഇവര്‍ കോടതിയെ സമീപിക്കുന്നത്‌. 
 

വെബ്ദുനിയ വായിക്കുക