സ്ത്രീകളെ മോശക്കാരികളാക്കി; തൃണമൂല്‍ മന്ത്രി വിവാദത്തില്‍

ചൊവ്വ, 13 ജനുവരി 2015 (16:30 IST)
പശ്ചിമബംഗാളില്‍ ബദ്ധവൈരികളായ ഇടതുപക്ഷത്തെ വനിതകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പുലിവാലു പിടിച്ചു.  സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറിയതിനുശേഷം പീഡനത്തിനിരയായെന്നു അവകാശപ്പെടുന്നവരാണ് ഇടതുപക്ഷ വനിതകള്‍ എന്നായിരുന്നു മന്ത്രി സ്വപ്ന ദബ്നാദിന്റെ പരാമര്‍ശം ബര്‍ദ്വാനില്‍ ഒരു റാലിയില്‍ സംസാരിക്കുന്പോഴാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം മന്ത്രി നടത്തിയത്.
 
സ്വപ്ന ദബ്നാദ് ബംഗാളിലെ ചെറുകിട, തുണിവ്യവസായ മന്ത്രിയാണ്. അധികാരക്കയറ്റത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം മകനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേരീതി തന്നെയാണ് ഇടതു പാര്‍ട്ടികളിലെ പല വനിതാ നേതാക്കളും ചെയ്യുന്നത്. സ്വന്തം വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം പീഡനത്തിനിരയായെന്നു പറയും. എന്നിട്ട് ആ കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കും. വീടുകളില്‍ ഭര്‍ത്താവുമായി ഉണ്ടാകുന്ന വഴക്കുകളില്‍ പരുക്കേറ്റാല്‍ അതിനു കാരണക്കാരായി ഏതെങ്കിലുമൊരു തൃണമൂല്‍ പ്രവര്‍ത്തകനെയായിരിക്കും അവര്‍ ചൂണ്ടിക്കാട്ടുക- സ്വപ്ന ദബ്നാദ് പറഞ്ഞു.
 
മന്ത്രിയുടെ പ്രസ്താവന കൈയടിയോടെയാണ് അവിടെ കൂടിയിരുന്നവര്‍ വരവേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങളെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.അതേസമയം മന്ത്രിയുടെ പരാമര്‍ശങ്ങളെ കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് വ്യക്തമാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എത്രത്തോളം അധഃപതിച്ചു എന്നതിനുള്ള ഉദാഹരണമാണിത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടതുപക്ഷ കക്ഷികള്‍ അറിയിച്ചിട്ടുണ്ട്. 
 
കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെയാണോ മന്ത്രി പരിശീലനം നല്‍കുന്നതെന്നും എന്തുകൊണ്ടാണ് മമത ഇക്കാര്യത്തില്‍ മൌനം അവലംബിക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക