ദേശീയ ചലച്ചിത്ര അവാർഡിനെതിരെ സംവിധായകൻ ഡോക്ടർ ബിജു വിമർശനവുമായി രംഗത്ത്. 63ആമത് ദേശീയ പുരസ്കാരത്തിൽ ബാഹുബലി ഒഴിച്ചാൽ മറ്റ് അവാർഡുകൾ മോശപ്പെട്ടതല്ല എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ബാഹുബലി ഒരു മികച്ച ഇന്ത്യൻ സിനിമയല്ലെന്നും ഇത് ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. മികച്ച ചിത്രമായി ജൂറി തിരഞ്ഞെടുത്ത ബാഹുബലിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദം നടക്കുമ്പോഴാണ് ഡോ. ബിജു പരസ്യമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംവിധായകൻ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പലതിലും ശക്തമായ വിയോജിപ്പുകൾ ഉണ്ട് . പ്രത്യേകിച്ചും ബാഹുബലി പോലെ ഒരു ചിത്രം അല്ല ഒരിക്കലും ഇന്ത്യയുടെ മികച്ച ചിത്രം ആകേണ്ടത് . പ്രത്യേകിച്ചും മികച്ച നിരവധി ഭാഷാ ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും അത് ദേശീയ പുരസ്കാരത്തിന്റെ അന്തസ്സത്തയെ തന്നെ കെടുത്തി കളയുന്ന ഒരു തീരുമാനമായി പോയി . പക്ഷേ ആ ഒരൊറ്റ കാരണത്താൽ അവാർഡിന്റെ മറ്റ് മെരിറ്റുകളെ കാണാതെ പോകാനും സാധ്യമല്ല . രാഷ്ട്രീയപരമായ എല്ലാ കാരണങ്ങളും മാറ്റി വച്ചു സിനിമ എന്ന ഖടകം മാത്രം എടുക്കാം .കലാപരമായും സാങ്കേതികമായും ഏറെ മുന്നിൽ നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഇത്തവണ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . അമിതാഭ് ബച്ചൻ എന്നാ നടനെ പറ്റി എന്തൊക്കെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പിക്കുവിലെ അഭിനയം പകരം വെക്കാനാകാത്ത ഒന്ന് തന്നെയാണു . കങ്കണ റണവത്തും മികച്ച നടി എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാനിടയില്ല .
ഇത്തവണ നിരവധി പ്രദേശിക സിനിമകൾ അംഗീകരിക്കപ്പെട്ടു .അവയൊക്കെയും ലോകത്തെ മികച്ച ചലച്ചിത്ര മേളകളിൽ ഉൾപ്പെടെ ശ്രദ്ധേയമായവ ആണു . വിശാരണൈ (തമിഴ് ) , വെനീസ് ചലച്ചിത്ര മേള , കൊത്തനോടി , (ആസാമീസ്) , ബുസാൻ ചലച്ചിത്ര മേള , സംഖാചിൽ ഗൗതം ഘോഷിന്റെ പുതിയ ചിത്രം , തിതി (കന്നഡ ) ലൊക്കാർണൊ ചലച്ചിത്ര മേളയിൽ പുരസ്കാരം , ചൌതി കൂട്ട് (പഞ്ചാബി ) കാൻസ് ചലച്ചിത്ര മേള , മാസാൻ (ഹിന്ദി ) കാൻസ് ചലച്ചിത്ര മേള , ഹെഡ് ഹണ്ടർ ( വാഞ്ചൂ ) , ഇന്ത്യൻ പനോരമ , ദാവു ഹുഡുനി മേത്തായ് (ബോഡോ ) മഞ്ജു ബോറാ സിനിമ , മോണ്ട്രിയൽ ചലച്ചിത്ര മേള , ഇന്ത്യൻ പനോരമ ഇത്തരത്തിൽ നിരവധി നല്ല സിനിമകൾ കൂടി ഇത്തവണ അംഗീകരിക്കപ്പെട്ടു എന്നത് കാണാതെ പോകരുത് .ഈ സിനിമകൾ ഒക്കെ തന്നെ പണക്കൊഴുപ്പില്ലാതെ എന്നാൽ സാങ്കേതികമായി ഉയർന്ന നിലവാരത്തിൽ നിർമിക്കപ്പെട്ടതും , കലാമൂല്യവും വ്യത്യസ്ഥമായ സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയും ഇതിനോടകം തന്നെ അതാതു ഭാഷകൾക്കപ്പുറം അംഗീകാരങ്ങൾ നേടിയവയാണ്.
ബാഹുബലിയുടെ കാര്യത്തിലുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ ഈ സിനിമകളെ അംഗീകരിച്ചതിലുള്ള സന്തോഷവും പങ്കിടുന്നു . ദേശീയ പുരസ്കാര നിർണ്ണയത്തിൽ ജൂറി ചെയര്മാനെ നിശ്ചയിക്കുമ്പോൾ മുഖ്യധാരാ സിനിമാ സംവിധായകരെ നിശ്ചയിക്കുന്നതിന്റെ അപാകതകൾ ബാഹുബലിയുടെ രൂപത്തിൽ നമുക്ക് തിരികെ ലഭിക്കും . അപ്പോഴും മറ്റൊരു ചോദ്യം നമുക്ക് ചോദിക്കാതെ പോകാൻ പറ്റില്ല . കേരളത്തിൽ കഴിഞ്ഞ മൂനാല് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം 90 ശതമാനവും മുഘ്യ ധാരാ സിനിമകൾക്ക് വീതം വെച്ച് കൊടുക്കുന്ന ഉളുപ്പില്ലാത്ത കാഴ്ച കണ്ടു കൊണ്ടേ ഇരിക്കുന്ന നമ്മൾക്ക് അതിനെ പറ്റി ഒന്നും മിണ്ടാതെ എങ്ങനെ ദേശീയ പുരസ്കാരത്തെ വിമർശിക്കാൻ സാധിക്കും . കഴിഞ്ഞ കുറെ വർഷങ്ങളായി ദേശീയ പുരസ്കാരം അത്ര നിലവാര തകർച്ച ഒന്നും നേരിടുന്നില്ല . കോർട്ടും , ഷിപ് ഓഫ് തിസൂസും ഒക്കെ അംഗീകരിക്കപ്പെട്ടവയായിരുന്നു കഴിഞ്ഞ വർഷങ്ങൾ എന്നത് മറക്കേണ്ട .
ഈ വർഷവും ബാഹുബലി ഒഴിച്ചാൽ മറ്റ് അവാർഡുകൾ ഒന്നും അത്ര മോശപ്പെട്ടവയുമല്ല . പക്ഷേ കേരളത്തിൽ കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ പുരസ്കാരം പരിശോധിച്ചു നോക്കൂ . യാതൊരു ലക്കും ലഗാനും ഇല്ലാതെ തോണിയ പടി വീതം വെച്ചു നൽകിയവയിൽ എത്ര പുരസ്കാരങ്ങൾ ഉണ്ടായിരുന്നു അർഹമായവ . അത് മറന്നു കൊണ്ടും മറച്ച് വെച്ച് കൊണ്ടും ബാഹുബലി വടി എടുത്ത് ദേശീയ പുരസ്കാരത്തെ അടിക്കാൻ ഓടുന്നവർ മലർന്നു കിടന്ന് തുപ്പരുത് . നിലപാടുകളും വിമർശനങ്ങളും എപ്പോഴും എവിടെയും പറയാനുള്ള ആർജ്ജവം ഉണ്ടാകണം . അല്ലാതെ നമുക്ക് വേണ്ടപ്പെട്ട ഇടങ്ങളിൽ നിശബ്ധതയും നമ്മളില്ലാത്ത അല്ലെങ്കിൽ നമ്മക്ക് ലഭിക്കാത്ത അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെടാത്ത രാഷ്ട്രീയത്തിൽ മാത്രം വിമർശനം എന്ന ഇരട്ടത്താപ്പ് ശരിയല്ല .
ദേശീയ പുരസ്കാരം വലിയ ചിറകുള്ള പക്ഷികൾക്ക് ലഭിക്കുമ്പോഴും ബാഹുബലി പോലെയുള്ള സിനിമകൾ രാജ്യത്തെ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടുന്നത് (അതും ആദ്യം ഞാൻ സൂചിപ്പിച്ച നിരവധി മികച്ച പ്രാദേശിക സിനിമകളെ മറികടന്ന്) ദേശീയ പുരസ്കാരങ്ങളുടെ ഉദ്ധേശ്യ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കലാവും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു ...ഇത് ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണു .ശക്തമായ പ്രതിഷേധവും .