എന്ന് തീരുമീ ദുരന്തം? 100 രൂപ നോട്ടുകൾക്ക് ആവശ്യക്കാർ അധികം, എ ടി എമ്മുകളിൽ നോട്ടില്ല!

ബുധന്‍, 7 ഡിസം‌ബര്‍ 2016 (08:37 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഒരു മാസം പൂർത്തിയാകാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കവേ പ്രശ്നങ്ങൾക്കോ പ്രതിസന്ധികൾക്കോ അയവില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്. ആവശ്യങ്ങൾ പലതായി മാറ്റിവെച്ചിരിക്കുകയാണ് ജനങ്ങൾ. കയ്യിലിരിക്കുന്ന പണം ഒന്നിനും തികയാത്ത അവസ്ഥ. പലരും കടം വാങ്ങിയാണ് നിത്യചിലവിനായി പണം കണ്ടെത്തുന്നത്.
 
സംസ്ഥാനത്തെ എ ടി എമ്മുകൾ പഴയ നിലയിൽ പ്രവർത്തിക്കണമെങ്കിൽ അടിയന്തിരമായി 100, 500 രൂപ നോട്ടുകൾ നിറയ്ക്കണം. സംസ്ഥാനത്തുള്ള മിക്ക എ ടി എമ്മുകളിലും 2000ത്തിന്റെ നോട്ടുകളാണ് ഉള്ളത്. ചില എടിഎമ്മുകളിൽ മാത്രമാണ് നൂറ് രൂപയുടെ നോട്ടുകൾ നിറയ്ക്കുന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഇത് തീരുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി 100, 500 രൂപ നോട്ടുകൾ ലഭ്യമാക്കണമെന്നു വിവിധ ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടപാടു നടക്കുന്ന എസ്ബിടി, എസ്ബിഐ എടിഎമ്മുകളിൽ ഇപ്പോൾ 2000 രൂപ മാത്രമാണുള്ളത്. 
 
പകുതിയോളം ബാങ്കുകൾ പ്രധാന ഇടങ്ങളിലെ എ ടി എമ്മുകളിൽ മാത്രമാണ് ഇപ്പോൾ പണം നിറയ്ക്കുന്നത്. കൈവശം ഇഷ്ടംപോലെയുള്ള 2000 രൂപയുടെ നോട്ടുകൾ എ ടി എമ്മുകളിൽ നിറച്ചു പ്രശ്നം പരിഹരിക്കുകയാണു ബാങ്കുകൾ. നോട്ട് പ്രഖ്യാപനം നടത്തി മാസം ഒന്നായെങ്കിലും ഗ്രാമപ്രദേശങ്ങളിലെ എ ടി എമ്മുകളിൽ ഇതുവരെ പണം നിറച്ചിട്ടില്ല. അതേസമയം, പുതിയ നോട്ടുകളടങ്ങിയ കണ്ടെയ്നർ ഇന്നലെ ആർബിഐ മേഖലാ ഓഫിസിൽ എത്തിയതായി സൂചനയുണ്ട്. ഇതുവരെ എത്തിയതിൽ ഏറ്റവും കൂടുതൽ തുകയടങ്ങിയ കണ്ടെയ്നറാണ് ഇതെന്നും വിവരമുണ്ട്. ആവശ്യത്തിനു പണം ഉടൻ‌ ലഭ്യമാക്കാമെന്നു ബാങ്കുകൾക്ക് ആർബിഐ ഉറപ്പും നൽകി. 

വെബ്ദുനിയ വായിക്കുക