Assembly Election 2023 Exit Poll:തെലങ്കാനയിലും ചത്തിസ്ഗഡിലും കോണ്‍ഗ്രസിന് മുന്‍തൂക്കം, രാജസ്ഥാനില്‍ അടിതെറ്റും: എക്‌സിറ്റ് പോള്‍ സര്‍വേ

വ്യാഴം, 30 നവം‌ബര്‍ 2023 (20:22 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്,ചത്തിസ്ഗഡ്, തെലങ്കാന,മിസോറം,രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയും അധികാരത്തിലെത്തുമെന്നാണ് സര്‍വേകളിലെ പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടമാകും മധ്യപ്രദേശില്‍ നടക്കുക. മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിനായിരിക്കും വിജയമെന്നും സര്‍വേ പറയുന്നു.
 
രാജസ്ഥാൻ
 
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നഷ്ടമാകുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും ഗ്രൂപ്പിസവുമാണ് അധികാര നഷ്ടത്തിലേക്ക് നയിക്കുകയെന്നും വിവിധ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ പ്രവചിക്കുന്നു. 
 
ടൈംസ് നൗ ഇടിജി രാജസ്ഥാന്‍ എക്‌സിറ്റ് പോളില്‍ 128 സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 56-72 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇതില്‍ പറയുന്നു. ആക്‌സിസ് മൈ ഇന്ത്യ സര്‍വെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 96 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നും ബിജെപിക്ക് 90 സീറ്റും മറ്റുള്ളവര്‍ക്ക് 13 സീറ്റും ലഭിക്കുമെന്നും ഈ സര്‍വെയില്‍ പറയുന്നു. 
 
ജന്‍ കി ബാത്ത് എക്‌സിറ്റ് പോളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 100 മുതല്‍ 122 സീറ്റ് വരെ ബിജെപി നേടുമെന്നാണ് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ സര്‍വെയില്‍ പറയുന്നത്. കോണ്‍ഗ്രസിന് 62 മുതല്‍ 85 സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നും എക്‌സിറ്റ് പോളില്‍ പറയുന്നു. പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റ് വരെയും കോണ്‍ഗ്രസിന് 90 മുതല്‍ 100 സീറ്റ് വരെയും പ്രവചിക്കുന്നു. ന്യൂസ് 18 എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 115 സീറ്റുകളും കോണ്‍ഗ്രസിന് 71 സീറ്റുകളും പ്രവചിക്കുന്നു. 
 
 
മധ്യപ്രദേശ്
 
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെയുള്ള 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 100നും 120നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് ദൈനിക് ഭാസ്‌കര്‍,സിഎന്‍എന്‍ ന്യൂസ്,റിപ്പബ്ലിക് ടിവി തുടങ്ങിയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളില്‍ പറയുന്നു. ന്യൂസ് 24 നടത്തിയ സര്‍വേയില്‍ 74 സീറ്റുകളാണ് കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 151 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 24ന്റെ സര്‍വേ ഫലം പറയുന്നത്. എന്നാല്‍ മറ്റെല്ലാ മാധ്യമങ്ങളും തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്.
 
ഛത്തിസ്ഗഡ്
 
പ്രധാന മാധ്യമങ്ങളെല്ലാം തന്നെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 40നും 50നും ഇടയില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. ന്യൂസ് 18 കോണ്‍ഗ്രസ് 46 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു. 41 സീറ്റുകളോടെ ശക്തമായ മത്സരമാകും ബിജെപി കാഴ്ചവെയ്ക്കുക. റിപ്പബ്ലിക് ടിവി കോണ്‍ഗ്രസിന് 52 സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് കാണുന്നത്. ബിജെപി 34-42 വരെ സീറ്റുകള്‍ നേടും. ടൈംസ് നൗ നടത്തിയ സര്‍വേയില്‍ 48-56 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
 
തെലങ്കാന

ആകെയുള്ള 119 സീറ്റുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് മുന്നിലെത്തുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് തെലങ്കാനയിലും നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
 
ന്യൂസ് 18
 
കോണ്‍ഗ്രസ്: 56
ബിആര്‍എസ്:58
ബിജെപി:10
 
 
റിപ്പബ്ലിക് ടിവി
 
കോണ്‍ഗ്രസ് : 68
ബിആര്‍എസ് :4656
ബിജെപി : 49
 
 
മിസോറം
 
ആകെയുള്ള 40 സീറ്റുകളില്‍ മത്സരം പ്രധാനമായും നടക്കുന്നത് സോറം പീപ്പിള്‍സ് മൂവ്‌മെന്റും എം എന്‍ എഫും തമ്മിലാണ്. ഇതില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഇവിടെ മത്സര രംഗത്തുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന സീറ്റുകളാകും ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാമില്‍ ഉണ്ടാവുക
 
ന്യൂസ് 18
 
സോറം പീപ്പിള്‍സ് മൂവ്‌മെന്റ് :20
എം എന്‍ എഫ്: 12
കോണ്‍ഗ്രസ് :7
ബിജെപി :1
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍