രഞ്ജിത് സിന്‍‌ഹ വീണ്ടും ഉറങ്ങി, ഇത്തവണ പ്രധാനമന്ത്രിയുടെ മുന്നില്‍!

ഞായര്‍, 30 നവം‌ബര്‍ 2014 (16:14 IST)
രണ്ടു ദിവസമായി സിബിഐ ഡയറക്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കക്ഷിയുടെ ഉറക്കമാണ് വാര്‍ത്താവിഷയം എന്ന് മാത്രം. പ്രസംഗത്തില്‍ പേരുകേട്ട രണ്ട് വ്യക്തിത്വങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും. എന്നാല്‍ രണ്ട് പേരും പ്രസംഗിച്ചപ്പോള്‍ ഉറങ്ങി നാണംകെടുത്തിക്കളഞ്ഞു രഞ്ജിത് സിന്‍‌ഹ. 
 
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ ഉണര്‍ത്തിയിരുത്താന്‍ മോഡിയുടെ വാക്ചാതുരിയും പോരായെന്നാണ് ഇപ്പോള്‍ വിമര്‍ശകരുടെ ആക്ഷേപം. ഗുവാഹത്തിയില്‍ നടക്കുന്ന രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന കോണ്‍ഫറന്‍സിന്റെ ആദ്യദിനത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രസംഗിക്കുമ്പോള്‍ ഉറക്കു തൂങ്ങിയിരുന്ന് വാര്‍ത്തയിലിടം നേടിയ രഞ്ജിത്ത് സിന്‍ഹ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചപ്പോഴും ഉറക്കം കുറച്ചില്ല‍. സ്മാര്‍ട് പൊലീസാണ് രാജ്യത്തിന്റെ ആവശ്യമെന്നൊക്കെ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഉറക്കം തൂങ്ങുന്ന സിബിഐ ഡയറക്ടറുടെ ചിത്രം ഇന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയായി. 
 
തന്റെ സേവനകാലാവധി പൂര്‍ത്തിയാക്കി ഡിസംബര്‍ രണ്ടിന് വിരമിക്കാനിരിക്കുകയാണ് രഞ്ജിത് സിന്‍ഹ. എങ്കിലും ഉടന്‍ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും അവരുടെ അനുഭവസമ്പത്ത് രാജ്യ സുരക്ഷയ്ക്കായി വിനിയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന നടക്കുമ്പോള്‍ തന്റെ സമയം ഉറക്കത്തിനായി വിനിയോഗിക്കുകയായിരുന്നു രഞ്ജിത് സിന്‍‌ഹ.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക