'കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ?'; നോട്ട് ക്ഷാമത്തിൽ വലയുന്ന കേരളത്തെ കളിയാക്കി ജെയ്‌റ്റ്ലി, മറുപടി നൽകി കേരള എംപിമാർ

വ്യാഴം, 13 ഏപ്രില്‍ 2017 (10:23 IST)
നോട്ട് നിരോധനം പ്രഖ്യാപിച്ച് 5 മാസം കഴിഞ്ഞിട്ടും കേരളത്തിലെ പ്രശ്നങ്ങൾ അവസാനിച്ചി‌ട്ടില്ല. ഇപ്പോഴും ക്ഷാമം തന്നെയാണ്. പല ബാങ്കുകളിലും പണമില്ല. ഈസ്റ്ററും വിഷുവും ഒരുമിച്ചായതിനാൽ കൂടുതൽ ആളുകൾക്കും പണത്തിന് അത്യാവശ്യക്കാരാണ്. ഇതേതുടർന്ന് സംസ്ഥാനത്ത് രൂക്ഷമാകുന്ന നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയവർക്ക് പരിഹാസം.
 
വിഷു ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിനെ കളിയാക്കിയുളള മന്ത്രിയുടെ മറുപടി. കേരളത്തില്‍ നിന്നുളള എംപിമാര്‍ക്കാണ് ധനമന്ത്രിയുടെ പരിഹാസം  നേരിടേണ്ടിവന്നത്.
 
കൈനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എംപിമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടാല്‍ പതിനായിരം രൂപ മാത്രം നല്‍കുന്ന അവസ്ഥയാണ് പലയിടത്തും. 

വെബ്ദുനിയ വായിക്കുക