മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കീഴിലല്ല ഡല്‍ഹി പൊലീസെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി. കെജ്‌രിവാള്‍ മന്ത്രിസഭ അധികാരമേറ്റതു മുതല്‍ ഡല്‍ഹി മന്ത്രിസഭയും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിന്റെ ഭാഗമാണ് കമ്മീഷണറുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പൊലീസ് കമ്മീഷണര്‍ ഇങ്ങനെ പറഞ്ഞത്.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ഡല്‍ഹി പൊലീസിലെ പ്രതിനിധിയെന്ന് ആം ആദ്‌മി പാര്‍ട്ടി ആരോപിക്കുന്ന ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍ ബി എസ് ബസ്സി. ഡല്‍ഹിയിലെ ആനന്ദ് പര്‍ബതില്‍ പത്തൊമ്പതുകാരിയെ യുവാക്കള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് കാണിച്ച് ആം ആദ്‌മി പാര്‍ട്ടി പ്രക്ഷോഭം നടത്തിയിരുന്നു.
എന്നാല്‍, പ്രക്ഷോഭം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആയിരുന്നു അവസാനിച്ചത്. അതേസമയം, പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെയാണ് പൊലീസ് ഇടപെട്ടതെന്നാണ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം.