'അമ്മ'യുടെ ജന്മദിനം ആഘോഷമാക്കി തമിഴ്‌നാട്; ഇന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പതിനായിരം രൂപ സമ്മാനം

ബുധന്‍, 24 ഫെബ്രുവരി 2016 (18:33 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തിയെട്ടാം ജന്മദിന ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ തുടക്കം. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചേര്‍ന്ന് അണ്ണാ ഡിഎംകെയുടെ ആസ്ഥാനമായ ചെന്നെയില്‍ നടത്തുന്നത്. പുരട്ച്ചി തലൈവി എന്ന് അറിയപ്പെടുന്ന ജയലളിത അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.

ജന്മദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ജയലളിതയ്ക്കായി ക്ഷേത്രത്തില്‍ നേര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്തെ 32 ജില്ലകളിലായി 6868 ക്ഷേത്രങ്ങളില്‍ വൃക്ഷ തൈകള്‍ നടാനും അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ സഹകരണ ആശുപത്രികളില്‍ ഇന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പതിനായിരം രൂപ സമ്മാനമായി നല്‍കാനും തീരുമാനമായി.

സംസ്ഥാനത്തുടനീളം പാര്‍ട്ടി പതാകയുടെ നിറങ്ങളായ ചുവപ്പും കറുപ്പും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അമ്മ കാന്റീനില്‍ സൗജന്യ ഭക്ഷണവും അനുയായികള്‍ക്ക് ജയലളിതയുടെ ടാറ്റുവും വിതരണം ചെയ്യുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി എം ജി ആറും ജയലളിതയും ഒന്നിച്ച് അഭിനയിച്ച പഴയകാല തമിഴ് സിനിമാ ഗാനങ്ങളും നഗരത്തില്‍ മുഴങ്ങികേള്‍ക്കാം. കൂടാതെ മുഖ്യമന്ത്രിയുടെ ഭീമന്‍ ഫ്ലക്സുകളും വഴികളില്‍ സ്ഥാപിച്ചിട്ടുണ്ട്.  അമ്മയുടെ ജന്മദിനത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജില്ലയില്‍ ഉടനീളം ക്ഷേമ പദ്ധതികള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക