ആന്ധ്രാപ്രദേശില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ അടക്കം ആറുപേര്‍ മരിച്ചു

തിങ്കള്‍, 18 ജനുവരി 2016 (08:27 IST)
ആന്ധ്രാപ്രദേശില്‍, ബംഗളൂരു - ഹൈദരാബാദ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികളടക്കം ആറുപേര്‍ മരിച്ചു. കോട്ടയം സ്വദേശി റോബിന്‍, ഭാര്യ, മകന്‍, റോബിന്റെ മാതാപിതാക്കള്‍, ആന്ധ്രാ സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
 
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു - ഹൈദരാബാദ് ഹൈവേയില്‍ ഡോണി എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
 
ആന്ധ്രയിലെ മെഹ്‌ബൂബ് നഗറില്‍ സ്കൂള്‍ നടത്തുകയായിരുന്നു റോബിന്‍. ഇവര്‍ അവധിക്ക് കോട്ടയത്ത് എത്തി തിരിച്ച് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ കര്‍ണൂല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക