ആന്ധ്രയുടെ പുതിയ തലസ്ഥാനം, അമരാവതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
വ്യാഴം, 22 ഒക്‌ടോബര്‍ 2015 (16:26 IST)
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വ്വഹിച്ചു. ന്ധ്രയുടെ മധ്യഭാഗത്തായി വരുന്ന ഗുണ്ടൂര്‍ ജില്ലയിലെ ഉദ്ദന്തരായനിപാലെം എന്ന ഗ്രാമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ തലസ്ഥാനത്തിന്റെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ശിലാസ്ഥാപനത്തിന് സാക്ഷിയാകാനെത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെലുങ്കില്‍ അഭിസംബോധന ചെയ്തു.
നാല് ഘട്ടങ്ങളായാണ് നഗരത്തിന്റെ നിര്‍മ്മാണം. നഗരകവാടം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നഗരപ്രാന്തം, നദീതടം എന്നിങ്ങനെയാണ് നഗരത്തെ തിരിച്ചിരിക്കുന്നത്. 819 ചതുരശ്രകിലോമീറ്ററിലുള്ള തലസ്ഥാന നഗരം 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം. ജനങ്ങളുടെ നഗരം ഭാവിയുടെ നഗരം എന്ന പേരില്‍ ആന്ധ്രയില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന തലസ്ഥാനം തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും നവീനമായ മനോഹരമായ നഗരമാകുമെന്നാണ് വാഗ്ദാനം.
എന്നാല്‍ കര്‍ഷകരുടെ ഫലഭൂയിഷ്ടമായ മണ്ണ് തട്ടിയെടുത്താണ് തലസ്ഥാനം നിര്‍മ്മിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ചടങ്ങില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍ ചടങ്ങ് നടന്ന സ്ഥലത്ത് പ്രതിഷേധം ഒന്നും ഉണ്ടായില്ല. ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ചന്ദ്രബാബുനായിഡുവിന്റെ വിജയമായി. തെലങ്കാന മുഖ്യമന്ത്രിയേ ചന്ദ്രബാബു നായിഡു നേരിട്ടു ചെന്നാണ് ചടങ്ങിന് ക്ഷണിച്ചത്. കൂടാതെ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു നിര്‍മ്മലാ സീതാരാമന്‍ തുടങ്ങിയവരും പങ്കെടുത്തു.