അമിത് ഷാ ബിജെപിയുടെ പുതിയ അമരക്കാരന്‍

ബുധന്‍, 9 ജൂലൈ 2014 (12:53 IST)
അമിത് ഷായെ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗാണ് അമിത് ഷായെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അമിത് ഷായ്ക്ക് എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു. നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 
 
നിലവില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ് അമിത് ഷാ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതായി വിലയിരുത്തപ്പെട്ടിരുന്നു. 
 
ബിജെപി പ്രസിഡന്റായിരുന്ന രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് അമിത് ഷായെ പരിഗണിച്ചത്. നരേന്ദ്ര മോഡിയുടെ വിശ്വസ്തനാണ് അമിത് ഷാ. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി. 2010 ല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനയതിനെ തുടര്‍ന്ന്  അമിത് ഷാ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അമിത് ഷായുടെ സ്ഥാ‍നാരോഹണത്തോടെ പാര്‍ട്ടിയിലും മന്ത്രിസഭയിലും നരേന്ദ്ര മോഡിയുടെ ആധിപത്യം സമ്പൂര്‍ണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

വെബ്ദുനിയ വായിക്കുക