ഭീഷണിയുണ്ട്: ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് ഒവൈസിയോട് അമി‌ത് ഷാ

തിങ്കള്‍, 7 ഫെബ്രുവരി 2022 (18:34 IST)
കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം. അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി കേന്ദ്ര സര്‍ക്കാരിന്റെ 'ഇസഡ്' കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ. ജീവന് ഭീഷണിയുള്ള പശ്ചാത്തലത്തിൽ ഒവൈസിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിക്കുകയായിരുന്നു.
 
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പിസ്റ്റളുകള്‍ പോലീസ് കണ്ടെടുത്തതായും അമിത് ഷാ പറഞ്ഞു. ഒരു മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുകയാണ്.സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനനില നിയന്ത്രണത്തിലാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
 
അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ യാത്രയുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസിനെ അറിയിച്ചിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. വ്യാഴാഴ്ച യു.പിയിലെ മീററ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്ന വഴിയാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെയ്‌പ്പുണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍