രാഹുലിന്റെ ‘ദല്ലാൾ’ പ്രയോഗം അതിരുകടന്നു, സൈന്യത്തെ അപമാനിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് മാറണം: അമിത്​ ഷാ

വെള്ളി, 7 ഒക്‌ടോബര്‍ 2016 (13:54 IST)
സൈന്യത്തെ അപമാനിക്കുന്ന തരത്തിലിള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അപലപനീയമാണെന്നു അമിത് ഷാ. മിന്നലാക്രമണത്തി​ന്റെ എല്ലാ തരത്തിലുള്ള ക്രെഡിറ്റും സൈന്യത്തിന്​ മാത്രം അവകാശപ്പെട്ടതാണ്​. മോദിയുടെ ഇച്ഛാശക്​തിയിലൂടെ സൈന്യം നടത്തിയതാണ്​ പാകിസ്ഥാനെതിരെയുള്ള മിന്നലാക്രമണമെന്നും അദ്ദേഹം വ്യക്​തമാക്കി.
 
സൈനികരുടെ രക്തത്തിനു പിന്നിൽ നിന്നു സർക്കാർ ദല്ലാൾപണി നടത്തുകയാണെന്ന രാഹുൽ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇന്ത്യൻ സൈന്യം അവരുടെ ജോലി കൃത്യമായി ചെയ്തു. ഇന്ത്യൻ സൈന്യത്തെയും രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെയും വിശേഷിപ്പിക്കാൻ ദല്ലാൾ എന്ന പദമാണോ ഉപയോഗിക്കേണ്ടതെന്നുള്ള മറുപടിയാണ് ഷാ നല്‍കിയത്. 
 
മിന്നലാക്രമണത്തിന്​ തെളിവ്​ ആവശ്യപ്പെട്ട്​ നേരത്തെ കോൺഗ്രസിലെ ചില നേതാക്കളും ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളും രംഗത്ത്​ വന്നിരുന്നു. മിന്നലാക്രമണത്തിനു തെളിവു വേണമെന്ന് ആവശ്യപ്പെടുന്നവർ പാക്കിസ്ഥാനിലെ നിലവിലെ സ്ഥിതിയൊന്ന് അവലോകനം ചെയ്താൽ മതി. പാകിസ്ഥാനില്‍ നടക്കുന്ന കോലാഹലമാണ് മിന്നലാക്രമണത്തിന്റെ ഏറ്റവും വലിയ തെളിവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക