ഭീകരതക്കെതിരായ പോരാട്ടം; ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക

ബുധന്‍, 31 ഓഗസ്റ്റ് 2016 (07:26 IST)
ഭീകരതാ വിഷയത്തില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. അമേരിക്കയുമായി സൈനിക സന്നാഹ കരാറില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് അമേരിക്ക തങ്ങളുടെ പിന്തുണ അറിയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പമാണെന്നും മേഖലയിലെ എല്ലാ രാജ്യങ്ങളും ഭീകരത നേരിടുന്നതില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഡല്‍ഹിയിലത്തെിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
 
ഭീകരതയെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിച്ച് അമേരിക്ക കാണുന്നില്ല. ആര് നടത്തുന്നതാകട്ടെ, എവിടെനിന്നു വരുന്നതാകട്ടെ, ഭീകരതയെന്നാല്‍ ഭീകരതതന്നെ -ജോണ്‍ കെറി പറഞ്ഞു. പാകിസ്താനുമായി ഭീകരതാ വിഷയത്തില്‍ അമേരിക്ക ബന്ധപ്പെടുന്നുണ്ടെന്ന് ജോണ്‍ കെറി പറഞ്ഞു.  ഭീകരതയുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ പ്രതിബദ്ധത അമേരിക്കക്കുണ്ട്. എന്നാല്‍, വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്. യോജിച്ച ശ്രമമാണ് ഉണ്ടാകേണ്ടത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക