ചെരുപ്പിൽ ഗാന്ധിജിയുടെ ചിത്രം, പേര് 'ഗാന്ധി'! ; രാഷ്ട്രപിതാവിനെ അപമാനിച്ച് ആമസോൺ

ഞായര്‍, 15 ജനുവരി 2017 (10:52 IST)
മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പ് ഓൺലൈനിൽ ലഭ്യമാക്കി ആമസോൺ. ചെരുപ്പിന് നൽകിയ പേരും 'ഗാന്ധി'. ഇത്തരത്തിലുള്ള ചെരുപ്പുകൾ ഓൺലൈനിൽ ലിസ്റ്റ് ചെയ്ത് ഗാന്ധിജിയെ അപമാനിച്ചിരിക്കുകയാണ് വ്യാപാര ഭീമനായ ആമസോൺ. ഇന്ത്യന്‍ ദേശീയപതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ വിറ്റ നടപടി വിവാദമായതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.
 
16.99 ഡോളറാണ്(ഏതാണ്ട് 1150 രൂപ) ചെരുപ്പിന്റെ വിലയെന്ന് കമ്പനി സൈറ്റില്‍ പറയുന്നു. കഫേപ്രസ് എന്ന കമ്പനിയാണ് ചെരുപ്പ് സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ദേശീയ പതാകാ വിവാദത്തില്‍ മാപ്പ് പറയാനും ഉല്‍പ്പന്നം പിന്‍വലിക്കാനും തയ്യാറായില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വിസ നല്‍കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന താക്കീത് നല്‍കിയിരുന്നു. 
 
കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മുന്നറിയിപ്പിന് പിന്നാലെ ആമസോണ്‍ ഉല്‍പ്പന്നം പിന്‍വലിച്ച് ഖേദംപ്രകടനം നടത്തുകയുണ്ടായി. ആമസോണ്‍ ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കുന്നു, വിവാദമായ ഉല്‍പന്നം നേരിട്ടല്ല മറ്റൊരു കമ്പനിയാണ് തങ്ങളുടെ സൈറ്റുവഴി ഉല്‍പ്പന്നം വില്‍പന നടത്തുന്നതെന്നും അറിയിച്ചുകൊണ്ടാണ് ആമസോണ്‍ ക്ഷമ ചോദിച്ചത്. ഇന്ത്യയുടെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഒരു ലക്ഷ്യവും ആമസോണിന് ഉണ്ടായിരുന്നില്ലെന്നും കമ്പനിയുടെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.
 
ഖേദപ്രകടനം നടത്തി രണ്ട് ദിവസം മാത്രം പിന്നിടുമ്പോഴാണ് ഗാന്ധിജിയെ അപമാനിച്ചുള്ള ചെരുപ്പ് ആമസോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക