ബലാത്സംഗം ചെയ്യപ്പെട്ട പതിനാലുകാരിക്ക് കോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ചു

വെള്ളി, 24 ജൂലൈ 2015 (12:36 IST)
അസുഖ ബാധിതയായിരിക്കെ ഡോക്ട്രറാല്‍ പീഡനത്തിനിരായി ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്ര ശ്രമം കോടതി തടഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയാണ് നിയമം അനുശാസിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം തടഞ്ഞത്. നിലവിലെ നിയമമനുസരിച്ചു ഗർഭിണിയായി 20 ആഴ്ചകൾ കഴിഞ്ഞാൽ ഗർഭഛിദ്രം നടത്താൻ അനുവാദമില്ല. ഈ കേസിൽ ഗർഭകാലം 24 ആഴ്ചകൾ പിന്നിട്ടുവെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയില്ലെന്നും ജസ്റ്റിസ് അഭിലാഷ കുമാരി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹിമ്മത്‍നഗറിലെ സെഷൻസ് കോടതിയിലാണ് പെൺകുട്ടിയുടെ പിതാവ് ആദ്യം ഹർജി നൽകിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്നും ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ശാരീരികാവസ്ഥയിൽ അല്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഗർഭകാലം 20 ആഴ്ചകൾ കഴിഞ്ഞതിനെത്തുടർന്ന് കോടതി ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹൈക്കോടതിയും ഹര്‍ജി തള്ളുകയായിരുന്നു. മാത്രമല്ല സബർകാന്ത ജില്ലാ ഭരണകൂടത്തോട് പെൺകുട്ടിയുടെ രക്ഷാചുമതല ഏറ്റെടുക്കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. ടൈഫോയിഡ് ബാധിച്ചു ചികിൽസയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക