ആം ആദ്മി പാര്‍ട്ടിയുടെ ലോഗോ തിരിച്ചു നല്‍കണമെന്ന് ഡിസൈനര്‍
വ്യാഴം, 9 ഏപ്രില്‍ 2015 (12:17 IST)
പാര്‍ട്ടിയിലെ തമ്മില്‍ തല്ലും ചക്കളാത്തിപ്പോരും കൊണ്ട് മനം മടുത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയ പലതും തിരികെ ചോദിക്കുന്നതായി വാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ പാര്‍ട്ടിയുടെ ചിഹ്നം ഡിസൈന്‍ ചെയ്ത ആം ആദ്മി പ്രവര്‍ത്തകന്‍ താന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഇനി പാര്‍ട്ടി ഔഗ്യോഗികമായി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്.
നേരത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്‍റുമായ അരവിന്ദ് കെജ്രിവാളിന് സംഭാവനയായി നല്‍കിയ നീല ‘വാഗണ്‍ ആര്‍’ കാറും ബൈക്കും പാര്‍ട്ടി പ്രവര്‍ത്തകനായ കുന്ദന്‍ ശര്‍മ തിരിച്ചുചോദിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കിയതിനു പിന്നാലെയാണ് ലോഗോ തിരികെ ആവശ്യപ്പെട്ട് ലാല്‍ എന്ന പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലോഗിലൂടെയാണ് ലാല്‍ ആം ആദ്മി പാര്‍ട്ടിയോട് ചിഹ്നം ഉപയോഗിക്കരുത് എന്ന് നിര്‍ദ്ദേശിച്ച് സന്ദേശം അയച്ചിരിക്കുന്നത്.
പാര്‍ട്ടി പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല, ഞാന്‍ ഡിസൈന്‍ ചെയ്ത ലോഗോയുടെ പകര്‍പ്പവകാശം പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. ബൗദ്ധിക അവകാശം ഇപ്പോഴും എനിക്കുണ്ട്. അതിനാല്‍ ഇനിമുതല്‍ പാര്‍ട്ടിയുടെ പതാകയിലോ വെബ്സൈറ്റിലോ പോസ്റ്ററുകളിലോ എന്റെ ലോഗോ ഉപയോഗിക്കരുത്- ലാല്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനാണ് ലാല്‍ ബ്ലോഗ് സന്ദേശം അയച്ചത്.