വയറുവേദനയുമായി ആശുപത്രിയിലെത്തി; പൊലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ കണ്ടെത്തിയത് 40 കത്തികള്‍

ശനി, 20 ഓഗസ്റ്റ് 2016 (11:52 IST)
കടുത്ത വയറുവേദനയുമായിട്ടാണ് അമൃത്സറിലെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആശുപത്രിയിലേക്ക് എത്തിയത്. മരുന്ന് നല്‍കിയിട്ടും വയറുവേദന ശമിക്കാതായതോടെ സ്‌കാനിംഗും എന്‍ഡോസ്‌കോപ്പിയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. റിസല്‍ട്ട് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. 42 കാരന്റെ വയറ്റില്‍ ഉള്ളത് 40 ഇരുമ്പ് കത്തികള്‍. 
 
ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തി കത്തികള്‍ പുറത്തെടുത്തു. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പൊലീസ് കോണ്‍സ്റ്റബിള്‍ എന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും വ്യക്തമാക്കി. 
 
കത്തികള്‍ താന്‍ തന്നെ വിഴുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഡോക്ടറോട് വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്. ഡോ. ബിബി ഗോയല്‍, ഡോ. രജീന്ദര്‍ രാജന്‍, ഡോ. ആരതി മല്‍ഹോത്ര, ഡോ. അനിത, ഡോ. ജിതേന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തി കത്തികള്‍ പുറത്തെടുത്തത്.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: സഞ്ജീവനി ടുഡേ)

വെബ്ദുനിയ വായിക്കുക