‘വേണ്ടത് 56 ഇഞ്ച് നെഞ്ചളവല്ല, നാല് ഇഞ്ചെങ്കിലും വലിപ്പമുള്ള ഹൃദയം‘
തിങ്കള്‍, 22 ഡിസംബര്‍ 2014 (18:01 IST)
മതപരിവര്‍ത്തന വിഷയത്തില്‍ പ്രസ്താവന നടത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് തൃണമൂല്‍ എം പി ഡെരക് ഓബ്റെയിന്‍. 56 ഇഞ്ച് നെഞ്ചളവല്ല, കുറഞ്ഞത് നാല് ഇഞ്ചെങ്കിലും വലിപ്പമുള്ള ഹൃദയമാണ് വേണ്ടതെന്ന് ഡെരക് ഒബ്‌റെയിന്‍ സഭയില്‍ പറഞ്ഞു.
മതപരിവര്‍ത്തന വിഷയത്തില്‍ പ്രതിപക്ഷബഹളം കാരണം തിങ്കളാഴ്ചഉച്ചക്ക് മുമ്പ് മൂന്നു തവണ സഭനിറുത്തിവെച്ചു. സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോകസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി.നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് പാര്‍ലമെന്റില്‍ ഇരുസഭകളും സ്തംഭിക്കുന്നത്.
കേരളത്തിലേയും ഗുജറാത്തിലും നടന്ന ഘര്‍വാപസി ചടങ്ങുകളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. അതേസമയം ഘര്‍ വാപസിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസന്തുഷ്ടി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ അര്‍നെയ് ഗ്രാമത്തില്‍ 500 ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തിയ വാര്‍ത്ത വിവാദമായതോടെയാണ് മോഡി തന്റെ അതൃപ്തി ആര്‍എസ് നേതൃത്വത്തേയും വിഎച്‌പിയേയും അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് ഘര്‍ വാപസി താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്‍കി. രാജ്യമെമ്പാടുമുള്ള വി എച്ച് പി പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ വാക്കാലാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പുതിയ നിര്‍ദേശം ഇറക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെന്ന് വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പ്രതികരിച്ചു. മധ്യപ്രദേശില്‍ മറ്റ് മതങ്ങളിലേക്ക് പോയ ആറ് ലക്ഷം ഹിന്ദുക്കള്‍ ഞായറാഴ്ച തിരികെയെത്തിയെന്നാണ് വി എച്ച് പി അവകാശപ്പെടുന്നത്