നവംബറിലെ മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് ഭീകരര്‍ക്ക് പണം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നുതന്നെയെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ് ബി ഐ) വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ് വഴി ചെലവ് കുറഞ്ഞ രീതിയില്‍ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വിഒഐപി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ തങ്ങളുടെ തലവന്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നത്.
യു എസ് കമ്പനിയായ സെല്‍ഫോണെക്സിന്‍റെ വിഒഐപി കാര്‍ഡാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. കാര്‍ഡ് വാങ്ങുന്നതിനാവശ്യമായ പണം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് എഫ് ബി ഐ പറയുന്നത്.
എന്നാല്‍ ഭീകരര്‍ വിളിച്ചത് പാകിസ്ഥാനില്‍ നിന്നു തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എഫ് ബി ഐ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അടുത്ത ആഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എഫ് ബി ഐ സംഘം ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് എഫ് ബി ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.