123: പ്രത്യേക സമിതി ഉടന്‍

FILEFILE
ആണവ സഹകരണ കരാറില്‍ ഇടത് കക്ഷികളുടെ ആശങ്ക പരിഹരിക്കാനായി സര്‍ക്കാര്‍ ഓഗസ്റ്റ് അവസാന വാരത്തില്‍ തന്നെ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സി പി എം നേതാവ് സീതാറാം യച്ചൂരി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രണാബ് മുഖര്‍ജി, എ കെ ആന്‍റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരും സി പി എം നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒരാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കുമെന്ന സൂചന യച്ചൂരി നല്‍കിയത്.

123 കരാറിനെ കുറിച്ച് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര സമിതിയുടെയും നിലപാട് സര്‍ക്കാരിനെ അറിയിച്ചു. വിഷയത്തില്‍, സര്‍ക്കാരും ഇടത് കക്ഷികളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ഇത് അടുത്ത ദിവസങ്ങളിലും തുടരും, യച്ചൂരി പറഞ്ഞു.

സര്‍ക്കാരും ഇടതു കക്ഷികളുമായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രത്യേക സമിതിയുടെ ഘടനയെ കുറിച്ച് അന്തിമ തീരുമാനമാവും. സമിതിയില്‍ രാഷ്ട്രീയ നേതാക്കളും വിദഗ്ധരും ഉള്‍പ്പെടുമെന്നാണ് സൂചന.

സി പി ഐ നേതാക്കളായ എ ബി ബര്‍ദന്‍, ഗുരുദാസ് ദാസ്ഗുപ്ത, ഡി രാജ എന്നിവരുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍ എസ് പി എന്നീ കക്ഷികളുമായും ചര്‍ച്ച നടത്തും.

വെബ്ദുനിയ വായിക്കുക