ലോക്സഭ തെരഞ്ഞെടുപ്പുഫലം മോഡിക്ക് അനുകൂലമായതോടെ പുതിയ അംഗങ്ങളെ വരവേല്‍ക്കാന്‍ പാര്ലമെന്റ് ഒരുങ്ങി. പുതിയ എംപിമാരെ സ്വീകരിക്കാനും പാര്‍ലമെന്‍റ് സമ്മേളന നടത്തിപ്പിനുമായി വിപുലമായ മുന്നൊരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഇക്കുറിയും ഒരു മലയാളിയാണ്. 15ാം ലോക്സഭ പിറന്നപ്പോള്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയായിരുന്നു. 16ാം ലോക്സഭയുടെ പിറവിയില്‍ പാര്‍ലമെന്‍റിലെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സെക്രട്ടറി ജനറല്‍ പി ശ്രീധരനാണ്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു മുതല്‍ തന്നെ പുതിയ എംപിമാരെ സ്വീകരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഡല്‍ഹി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലൂം ആറ് പ്രത്യേക ഗൈഡ് പോസ്റ്റുകള്‍ തുറക്കും. പുതിയ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, റെയില്‍വേ പാസ്, ആരോഗ്യ-ചികിത്സാ സഹായ കാര്‍ഡ്, താമസ സൗകര്യം തുടങ്ങിയവയെല്ലാം ലഭ്യമാക്കുമെന്ന് പി ശ്രീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പുതിയ ഫ്ളാറ്റ് ലഭ്യമാക്കുന്നതുവരെയുള്ള താമസച്ചെലവുകള്‍ വഹിക്കുന്നത് ലോക്സഭാ സെക്രട്ടേറിയറ്റാണ്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ അടക്കം തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരിട്ടു കണ്ട് അറിയിക്കുന്നതോടെയാണ് പുതിയ ലോക്സഭയുടെ സമ്മേളനം വിളിക്കാന്‍ നടപടി തുടങ്ങുക. മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി സ്പീക്കറുടെ പാനല്‍ തയാറാക്കും. ഇതില്‍നിന്ന് ഒരാളെ പ്രോട്ടേം സ്പീക്കറായി രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യിക്കും. അദ്ദേഹത്തിന്‍െറ അധ്യക്ഷതയില്‍ ലോക്സഭ ചേരും.
അംഗങ്ങളുടെ സത്യപ്രതിജ്ഞ, പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പ്, രാഷ്ട്രപതി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളെയും അഭിസംബോധന ചെയ്യല്‍ എന്നിവ തുടര്‍ന്നു നടക്കും. പാര്‍ലമെന്‍റ് വിളിച്ചു കൂട്ടുന്ന തീയതി, സര്‍ക്കാറിന്‍െറ സൗകര്യം കണക്കിലെടുത്ത് രാഷ്ട്രപതി പ്രഖ്യാപിക്കും. അതിനു മുമ്പുതന്നെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്നും പി ശ്രീധരന്‍ വിശദീകരിച്ചു.