“ലഷ്കര്‍ വീണ്ടും ഇന്ത്യയെ ലക്‍ഷ്യമിട്ടേക്കാം“

ബുധന്‍, 15 ജൂലൈ 2009 (14:55 IST)
പാകിസ്ഥാനിലെ ലഷ്കര്‍-ഇ-തൊയ്ബ ഭീകര സംഘടന ഇപ്പോഴും സജീവമാണെന്നും സംഘടന ഇന്ത്യയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചേക്കും എന്നും യു എന്നിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ബുധനാഴ്ച അഭിപ്രായപ്പെട്ടു.

ലഷ്കര്‍-ഇ-തൊയ്ബയുടെ തന്ത്രങ്ങള്‍ തികച്ചും സ്പഷ്ടമാണ്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്ന അവസ്ഥയില്‍, ഭീകരര്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്, യു എന്‍ സുരക്ഷാ സമിതിയുടെ അല്‍-ക്വൊയ്ദ-താലിബാന്‍ നിരീക്ഷണ സമിതി കോ‌-ഓര്‍ഡിനേറ്റര്‍ റിച്ചാര്‍ഡ് ബാരറ്റ് പറഞ്ഞു.

മുംബൈ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് നേരെ നടന്ന ആക്രമണ പരമ്പരകളുടെ കാരണക്കാരെന്നു സംശയിക്കുന്ന ലഷ്കര്‍-ഇ-തൊയ്ബയെ യു എന്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലാഹോറില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ലഷ്കര്‍ കശ്മീരിലെ പാകിസ്ഥാന്‍ സൈനികര്‍ക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട് എന്ന് ബാരറ്റ് യു എന്‍ ആസ്ഥാനത്ത് നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാന് യഥാര്‍ത്ഥ ഉത്കണ്ഠയുണ്ടാക്കുന്നത് ലഷകര്‍ ആണെന്നും സംഘടനയ്ക്ക് താലിബാനുമായി ബന്ധമുണ്ട് എന്നും ബാരറ്റ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക