‘ഹിന്ദുത്വ ഭീകരത’: ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചു

ബുധന്‍, 20 ഫെബ്രുവരി 2013 (21:07 IST)
PTI
ഹിന്ദുത്വ ഭീകരതാ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് എന്‍ ഡി എ നേതാക്കള്‍ക്ക് കൈമാറി. കത്ത് പരിശോധിച്ച എന്‍ ഡി എ യോഗം സംതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഷിന്‍ഡെയുടെ ‘ഹിന്ദു തീവ്രവാദം’ എന്ന പരാമര്‍ശം പാര്‍ലമെന്‍റില്‍ കത്തിപ്പടരില്ലെന്ന് ഉറപ്പായി.

ഭീകരതയെ മതവുമായി ബന്ധിപ്പിക്കാനുള്ള ദുരുദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് കത്തില്‍ ഷിന്‍ഡെ വ്യക്തമാക്കി. കത്തിന് പിന്നാലെ പരസ്യപ്രസ്താവനയും സുശീല്‍ കുമാര്‍ ഷിന്‍ഡെ പുറത്തിറക്കി. ജയ്പൂരില്‍ എ ഐ സി സി സമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഷിന്‍ഡെ കത്തില്‍ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഷിന്‍ഡെയും കേന്ദ്രമന്ത്രി കമല്‍നാഥും പ്രതിപക്ഷനേതാവ് സുഷമാ സ്വരാജും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ഷിന്‍ഡെ എന്‍ ഡി എയ്ക്ക് നല്‍കാനായി ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള കത്ത് തയ്യാറാക്കിയത്. എല്‍ കെ അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന എന്‍ ഡി എ യോഗം ഷിന്‍ഡെയുടെ കത്ത് പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി.

വൈകുന്നേരം പ്രതിരോധമന്ത്രി എ കെ ആന്‍റണിയും ഷിന്‍ഡെയും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് പുതിയ നീക്കത്തേക്കുറിച്ച് ധരിപ്പിച്ചിരുന്നു.

രാജ്യത്ത് ആര്‍ എസ് എസ് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് ജയ്പൂരില്‍ എ ഐ സി സി സമ്മേളനത്തില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ആര്‍ എസ് എസ് - ബി ജെ പി പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് തീവ്രവാദ പരിശീലനമാണെന്നും ഈ പരിശീലന ക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ അന്ന് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക