‘ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് മൂന്ന് ലക്ഷം സജീവ പ്രവര്‍ത്തകര്‍; ബുദ്ധികേന്ദ്രം ഐ എസ് ഐ‍’

വ്യാഴം, 22 ഓഗസ്റ്റ് 2013 (14:46 IST)
PRO
PRO
ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് മൂന്ന് ലക്ഷം സജീവ പ്രവര്‍ത്തകരുണ്ടെന്ന് പിടിയിലായ ലഷ്‌കര്‍ നേതാവ് അബ്ദുല്‍ കരീം തുണ്ട. ജെയ്‌ഷെ മുഹമ്മദിന് ഒന്നര ലക്ഷം സജീവ അംഗങ്ങളുണ്ടെന്നും തുണ്ടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തൊണ്ണൂറുകളുടെ ആദ്യം പാക് ചാരസംഘടനയായ ഐ എസ് ഐയാണ് ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സ ഈദിനെ മുന്നോട്ടു കൊണ്ടു വന്നതെന്ന് തുണ്ട പറഞ്ഞതായി ചോദ്യം ചെയ്യല്‍ രേഖകളിലുണ്ട്. സംഘടനകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ഐ എസ് ഐയാണ്.

1992 മുതല്‍ ഹാഫിസ് സഈദിനെ അറിയാമെന്ന് തുണ്ട സമ്മതിച്ചു. ഭാര്യാ സഹോദരന്‍മാരെ കാണുന്നതിന് തുണ്ട നടത്തിയ 15 ദിവസത്തെ പാക് സന്ദര്‍ശനത്തിന് ഇടയിലായിരുന്നു ഇവര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീടും പാകിസ്ഥാനില്‍ കണ്ടുമുട്ടി. രണ്ട് സംഘടനകളാണ് ആദ്യം ഇന്ത്യയില്‍ രൂപീകരിച്ചത്. ഹര്‍ക്കത്തുല്‍ അന്‍സാര്‍, ഹര്‍ക്കത്തുല്‍ ജിഹാദ്. പിന്നീട് പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും ലഷ്കറിന്റെയും നിര്‍ദേശ പ്രകാരം ഈ സംഘടനകള്‍ ലയിച്ച് ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടന രൂപം കൊണ്ടു. ഐഎസ്ഐയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് തുണ്ട മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം ലഷ്കറിന് പ്രധാനമായി രണ്ട് പരിശീലന കേന്ദ്രങ്ങളാണുള്ളത്. മന്‍സേര സുബുബ് സര്‍ഹാദ്, ഹിന്ദ് ബലൂച് സുബാബ് സര്‍ഹാദ് എന്നിവിടങ്ങളില്‍. പെഷവാര്‍ ,മുസഫറാബാദ്, മുരീദ്കെ എന്നിവിടങ്ങളിലും പരിശീലന കേന്ദ്രങ്ങളുണ്ട്. പ്രധാനമായും പാക് പഞ്ചാബ് പ്രവിശ്യയില്‍നിന്നാണ് ഇതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. മൂന്ന് തരം പരിശീലന പരിപാടികളാണ് ഇവിടെ നടക്കുന്നത്. കശ്മീര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനുള്ള 15 ദിവസത്തെ പരിശീലനവും വെടിവെപ്പ് അടക്കമുള്ള 20 ദിവസത്തെ സായുധ പരിശീലനവും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള 30 ദിവസത്തെ പരിശീലനവും. ഒരു സമയത്ത് 30 മുതല്‍ 70 പേര്‍ക്കാണ് പരിശീലനം നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12 സായുധ സുരക്ഷാ ഭടന്‍മാര്‍ സദാ സമയവും സഈദിന്റെ കൂടെയുണ്ടാവുമെന്ന് തുണ്ട പറഞ്ഞതായി ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനായ അമീര്‍ റിസാ ഖാന്‍ എന്ന റിസ്വാന്‍ നേരത്തെ കറാച്ചിയില്‍ ലഷ്കര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. അബ്ദുല്‍ സലാം ഭട്കി എന്നയാളാണ് ജമാഅത്തുദ്ദവയുടെ പ്രധാന ബുദ്ധികേന്ദ്രമെന്നും അസം ചീമ എന്നയാളാണ് ലഷ്കറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നതെന്നും തുണ്ട വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക