യുപിയിലെ ലോക്സഭാ സീറ്റ് വിഭജനത്തിന വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ‘പിച്ചച്ചട്ടിയുമായി’ സമാജ്‌വാദി പാര്‍ട്ടിയെ സമീപിച്ചിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവനയ്ക്കെതിരെ അമര്‍സിംഗ്. എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തില്‍ വിള്ളല്‍ വീണാല്‍ അതിന് ഉത്തരവാദി ദിഗ്‌വിജയ് സിംഗ് ആയിരിക്കുമെന്നും അമര്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.
ദിഗ്‌വിജയ് സിംഗിനെ പോലെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വരുന്ന ഇത്തരം അഭിപ്രായങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണ്. കോണ്‍ഗ്രസും എസ്പിയും തമ്മിലുള്ള ബന്ധം ഇനിയും വഷളായാല്‍ അതിനു കാരണക്കാരന്‍ ദിഗ്‌വിജയ് സിംഗ് ആയിരിക്കും.
ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച സമയത്ത് ഞങ്ങള്‍ യുപിഎ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനെത്തുകയായിരുന്നു. ഇതിന് നന്ദി പറയുന്നതിന് പകരം പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകളാണ് നടത്തുന്നത്.
കോണ്‍ഗ്രസ് യാചകരാണെന്ന് ഞങ്ങള്‍ ഒരിക്കലും പറയില്ല. എന്നാല്‍, എസ്പിയും യാചകരല്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം, അമര്‍സിംഗ് പറഞ്ഞു.
യുപിയിലെ സീറ്റ് വിഭജന കാര്യത്തില്‍ എസ്പിയുടെ മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിച്ചച്ചട്ടിയുമായി പോയിട്ടില്ല. സീറ്റു വിഭജനകാര്യത്തില്‍ സ്വീകാര്യമായ ഒരു ഉടമ്പടിയില്‍ എത്തുകയാണ് വേണ്ടതെന്നും ദിഗ്‌വിജയ് സിംഗ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ എസ്പിയുടെ സഹായം പ്രയോജനപ്പെട്ടു എന്നും ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു.