ഹൈന്ദവ ഭീകരതയെ കുറിച്ചുള്ള സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ശനിയാഴ്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെക്ക മസ്ജിദ് കേസിലും സംഝോത്ത സ്ഫോടന കേസിലും അസീമാനന്ദ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ ഗൂഡാലോചനയാണ്. ഹൈന്ദവ ഭീകരത എന്ന ഭൂതത്തെ ഉയര്‍ത്തിക്കാട്ടി ബോഫോഴ്സ്, 2ജി അഴിമതികളില്‍ നിന്ന് രക്ഷ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആര്‍എസ്‌എസിനെയും ഇന്ദ്രേഷ് കുമാറിനെയും കുറിച്ചും ഹൈന്ദവ ഭീകരതയെ കുറിച്ചും ഉള്ള ആരോപണങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ ഗൂഡാലോചനയാണ്. സോണിയ ഗാന്ധിയുടെ അനുഗ്രാശിസ്സുകളോടെയാണ് കോണ്‍ഗ്രസ് വക്താവ് ദിഗ്വിജയ് സിംഗ് സംസാരിക്കുന്നത് എന്നും ഗഡ്കരി കുറ്റപ്പെടുത്തി.
നക്സലുകളെ പിന്തുണയ്ക്കുന്നവരും ജമ്മു കശ്മീരില്‍ ഇന്ത്യ കടന്നു കയറുകയാണെന്ന് കരുതുന്നവരും ഹിന്ദു ഭീകരത എന്ന പ്രയോഗത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നവരും ഭരണകക്ഷിയില്‍ ഉണ്ട് എന്നും ഗഡ്കരി പറഞ്ഞു.
ഭീകര പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ട് എന്ന അസീമാനന്ദയുടെ മൊഴി ചോര്‍ന്ന രീതി സര്‍ക്കാരിന്റെ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് വ്യക്തമാണ്. മൊഴി ചോര്‍ന്നതിനെതിരെ ബിജെപി സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.