പന്ത്രണ്ടാം ദിവസവും നിരാഹാരം തുടരുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹം മൂന്ന് മണിക്കൂര്‍ കൂടി നിരാഹാരം തുടര്‍ന്നാല്‍ ആശുപത്രിയിലേക്ക് മാറ്റിയേ മതിയാകൂ എന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ഹസാരെയുടെ ശരീരഭാരം ഏഴ് കിലോഗ്രാം കുറഞ്ഞു. നിര്‍ജ്ജലീകരണം കാരണം അദ്ദേഹത്തിന്റെ ശരീരത്തില്‍ കറുപ്പ് നിറം ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പള്‍സ് നിരക്കില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ നിരക്ക് മിനിറ്റില്‍ 82 ആയിരുന്നു എങ്കില്‍ വെള്ളിയാഴ്ച ആയപ്പോഴേക്കും അത് 92 ആയി ഉയര്‍ന്നിരുന്നു.
കൂടുതല്‍ സമയം നിരാഹാരം തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാനും അബോധാവസ്ഥയിലേക്ക് വഴുതിവീഴാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നത്. എന്നാല്‍, എപ്പോഴാണ് അണ്ണാ ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റുക എന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 16 മുതലാണ് അണ്ണാ ഹസാരെ നിരാഹാരം ആരംഭിച്ചത്. എന്നാല്‍, പന്ത്രണ്ടാം ദിവസമായ ശനിയാഴ്ച രാംലീലയില്‍ അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും താന്‍ ആരോഗ്യവാനാണെന്നും ഇനി നാല് ദിവസം കൂടി ആഹാരമുപേക്ഷിക്കാന്‍ തനിക്ക് കഴിയുമെന്നുമാണ് പറഞ്ഞത്. അണ്ണാ ഹസാരെ സംഘത്തിലുള്ളവരും നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.