പന്ത്രണ്ട് ദിവസം നിരാഹാരം കിടന്നിട്ടും അണ്ണാ ഹസാരെയുടെ ആരോഗ്യത്തിന് കാര്യമായ പ്രശ്നമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍. ഹസാരെയുടെ ആരോഗ്യനില സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റമൊന്നുമില്ലാത്തത് അത്ഭുതമാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഹസാരെയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നും മൂന്നോ നാലോ ദിവസത്തെ നിരീക്ഷണത്തിനു ശേഷം അദ്ദേഹത്തിന് ആശുപത്രിവിടാമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:15 ന് ആണ് ഹസാരെയെ ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം 120/70 എന്ന നിലയിലും ഹൃദയമിടിപ്പിന്റെ നിരക്ക് 94 എന്ന നിലയിലും ആയിരുന്നു.
ഹസാരെയ്ക്ക് ഇപ്പോള്‍ തേന്‍ ചേര്‍ത്ത കരിക്കിന്‍വെള്ളവും പഴച്ചാറുകളുമാണ് നല്‍കുന്നത്. 48 മണിക്കൂറിനു ശേഷം മാത്രമേ ഖര രൂപത്തിലുള്ള ആഹാരം നല്‍കുകയുള്ളൂ.
രാംലീല മൈതാനിയില്‍ നിന്ന് ഹസാരെയെ ഗുഡ്ഗാവിലുള്ള മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നത്. ഹസാരെയുടെ വാഹനവ്യൂഹം ആശുപത്രി ഗേറ്റില്‍ എത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് വേണ്ടി പടനയിച്ച നേതാവിനെ കാണുന്നതിനായി ത്രിവര്‍ണ പതാകയുമായി കാത്തുനിന്നവര്‍ അദ്ദേഹത്തിന്റെ കാര്‍ വളഞ്ഞു. വാഹനത്തിന് ഒരു ഇഞ്ച് പോലും മുന്നോട്ട് നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി.
ഡല്‍ഹി പൊലീസിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ വിഫലമായി. തുടര്‍ന്ന്, അണ്ണാ ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കെജ്‌രിവാള്‍ വാഹനത്തിന് പുറത്ത് കയറി നിന്ന് അഭ്യര്‍ത്ഥന നടത്തിയതോടെയാണ് ഹസാരെയെ കാണാന്‍ തടിച്ചുകൂടിയവര്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നോട്ടു പോകാനുള്ള വഴി നല്‍കിയത്.