സ്കൂളില്‍ പെണ്‍കുട്ടിയുടെ ‘പ്രേതം’; ഒഴിപ്പിക്കാന്‍ ഹോമം

തിങ്കള്‍, 17 ഫെബ്രുവരി 2014 (14:26 IST)
PRO
PRO
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ അപ്പര്‍ പ്രൈമറി സര്‍ക്കാര്‍ സ്കൂളില്‍ പ്രേതത്തെ അകറ്റാന്‍ ഹോമം. സ്കൂളിന് പ്രേതബാധയുണ്ടെന്ന നിഗമനങ്ങളെ തുടര്‍ന്നാണ് 300 ഓളം പേര്‍ ചേര്‍ന്ന് ഞായറാഴ്ച ഹോമം നടത്തിയത്. സ്കൂളില്‍ ഒരു പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ട് ചില കുട്ടികള്‍ ബോധകെട്ടുവീണു എന്ന് വാര്‍ത്ത പരന്നിരുന്നു. തുടര്‍ന്ന് 170 ഓളം കുട്ടികള്‍ ഒരാഴ്ചയായി സ്കൂളിലെത്താന്‍ മടിച്ചു. ഈ സാഹചര്യത്തിലാണ് ഹോമം നടത്തിയത്.

തുളസി റാം, ധര്‍മ്മരാജ്, ശിവരാജ് എന്നീ വിദ്യാര്‍ഥികള്‍ ഫെബ്രുവരി 11ന് സ്കൂള്‍ ടോയ്‌ലറ്റില്‍ വച്ച് പ്രേതത്തെ കണ്ടു എന്നാണ് വിവരം. ടോയ്‌ലറ്റില്‍ നിന്ന് പ്രേതം കുട്ടികളെ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തുടര്‍ന്ന് കുട്ടികള്‍ ബോധരഹിതരായി. മൂന്ന് കുട്ടികള്‍ ഒരേസമയത്ത് പ്രേതത്തെ കണ്ട് ബോധംകെട്ടുവീണ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ വിസമ്മതിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ രക്ഷിതാക്കളുമായി സംസാരിച്ചെങ്കിലും കുട്ടികളെ സ്‌കൂളിലേയ്ക്ക് വിടാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്കൂളില്‍ ഒരു തേജാജി ക്ഷേത്രമുണ്ടെന്നും അവിടെ പൂജ മുടങ്ങിയതാണ് പ്രേതത്തെ കാണാനിടയാക്കിയതെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. പൂജ നടത്തിയതോടെ പ്രേതം ഇനി സ്കൂളിലേക്ക് അടുക്കില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.

വെബ്ദുനിയ വായിക്കുക