സോണിയ ‘ദുര്‍മന്ത്രവാദിനി’യെന്ന് ബിജെപി നേതാവ്

തിങ്കള്‍, 7 ജനുവരി 2013 (12:19 IST)
PRO
PRO
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ‘ദുര്‍മന്ത്രവാദിനി’ എന്ന് വിളിച്ച് ബി ജെ പി യൂത്ത് വിങ് നേതാവ് വിവാദത്തിലായി. യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ആണ് ഫേസ്ബുക്കിലൂടെ സോണിയാ ഗാന്ധിയെ ഇങ്ങനെ ഉപമിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

ബലാത്സംഗങ്ങള്‍ ഏറെയും നടക്കുന്നത്‌ ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭഗവതിന്റെ പ്രസ്‌താവനയെക്കുറിച്ചുള്ള ഫേസ്ബുക്ക് ചര്‍ച്ചയില്‍ ആയിരുന്നു ഠാക്കൂറിന്റെ വിവാദപരാമര്‍ശം. സോണിയയെ മാത്രമല്ല മഹേഷ് ഭട്ട്, ഷെര്‍ളിന്‍ ചോപ്ര, സണ്ണി ലിയോണ്‍, പൂനം പാണ്ഡെ തുടങ്ങിയവര്‍ക്കെതിരെയും ഠാക്കൂര്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഇന്ത്യയും ഭാരതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇതാണ്. ദി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്ന രാജ്യമാണ് ഇന്ത്യ. സ്വന്തം മകളുമായി മഹേഷ് ഭട്ട് സെക്സ് സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശ പോണ്‍ താരത്തിന്റെ ജന്മദിനം മാധ്യമങ്ങള്‍ ആഘോഷിക്കുന്ന രാജ്യമാണ് ഇന്ത്യ... തുടങ്ങിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം പോസ്റ്റിന്റെ ഒടുവിലായി ഠാക്കൂര്‍ പറയുന്നതിങ്ങനെ: ഉയര്‍ന്ന നേതാക്കള്‍ 'ഒരു ദുര്‍മന്ത്രവാദിനി'യുടെ കൈകളിലെ കളിപ്പാവകളായി മാറിയ രാജ്യമാണ് ഇന്ത്യ.

പരാമര്‍ശം വിവാദമായതോടെ പോസ്റ്റ് വന്ന ഫേസ്ബുക്ക് അക്കൌണ്ട് തന്റേതല്ലെന്നും അതിനുത്തരവാദി താനല്ലെന്നും പറഞ്ഞു ഠാക്കൂര്‍.

വെബ്ദുനിയ വായിക്കുക