സൈന്യത്തിന്റെ നിയന്ത്രണം നല്‍കിയാല്‍ പ്രശ്നങ്ങളെല്ലാം ഒതുക്കാം: താക്കറെ

ശനി, 8 സെപ്‌റ്റംബര്‍ 2012 (18:52 IST)
PRO
PRO
സൈന്യത്തിന്റെ നിയന്ത്രണം തനിക്ക് കൈമാറിയാല്‍ ഒരുമാസത്തിനകം രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് പ്രശ്നക്കാരെ ഒതുക്കാമെന്ന് ശിവസേനാ നേതാവ് ബാല്‍താക്കറെ. ശിവസേന മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് താക്കറയുടെ വിവാദവാഗ്ദാനം.

തന്റെ പാര്‍ട്ടി ശിവസേന ഒരുസൈന്യത്തിന് തുല്യമാണ്. ആയുധങ്ങളില്ലാത്ത കാവികൊടികള്‍ മാത്രമുള്ള സൈന്യം. നിലവില്‍ പാര്‍ട്ടിക്ക് വളരെയധികം സ്വാധീനമുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം താന്‍ തൃപ്തനല്ലെന്നും താക്കറെ പറഞ്ഞു.

മ്യാന്‍മാറില്‍ മുസ്ലീമുകള്‍ക്ക് നേരെ നടക്കുന്നുവെന്ന് പറയുന്ന അക്രമണങ്ങളും അസമില്‍ നടക്കുന്ന കലാപങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. ബീഹാറില്‍ നിന്ന്‌ മഹാരാഷ്‌ട്ര പോലീസ്‌ ക്രിമിനലുകളെ പിടികൂടിയതിനെ നിതീഷ്‌ കുമാര്‍ വിമര്‍ശിക്കേണ്ടതില്ല. അറസ്‌റ്റിനെ കുറിച്ച്‌ വിവാദമുണ്ടാക്കുന്നതിനു പകരം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടുകയാണ്‌ വേണ്ടതെന്നും താക്കറെ പറയുന്നു. പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ രാജ്യത്ത്‌ കളിക്കാന്‍ അവസരം നല്‍കരുത്‌ എന്ന തന്റെ നിലപാടില്‍ മാറ്റമില്ല എന്നും താക്കറെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക