സുഷമ സ്വരാജിന്റെ അവസരോചിതമായ ഇടപെടല്‍; പാകിസ്ഥാന്‍ പെണ്‍കുട്ടിക്ക് കര്‍ണാടകയില്‍ ഉപരിപഠനത്തിന് അവസരമൊരുങ്ങുന്നു

ചൊവ്വ, 31 മെയ് 2016 (17:46 IST)
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അവസരോചിതമായ ഇടപെടല്‍ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിക്ക് ഇന്ത്യയില്‍ പഠിക്കാനുള്ള സൌകര്യം ഒരുങ്ങുന്നു. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ച പാകിസ്ഥാന്‍കാരി മാഷല്‍ മഹേശ്വരി (19)യ്ക്കാണ് മന്ത്രിയുടെ സഹായം എത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ നിന്നും ജയ്പൂരിലേക്ക് മാഷലിന്റെ കുടുംബം താമസം മാറിയത്.
 
മാഷലിന്റെ പാകിസ്ഥാന്‍ പൗരത്വമാണ് ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പരീക്ഷ എഴുതാന്‍ പ്രശ്നമായത്. സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 91 ശതമാനം മാര്‍ക്കോടെ മികച്ച വിജയം നേടിയ മാഷലിന്റെ കഥയറിഞ്ഞ സുഷമ സ്വരാജ് അവരെ സമീപിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. കര്‍ണാടകയിലെയില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാം എന്നാണ് സുഷമ സ്വരാജ് ഇവരെ അറിയിച്ചത്. 
 
‘മാഷല്‍ നീ ഒരിക്കലും നിരാശപ്പെടേണ്ട, മെഡിക്കല്‍ പ്രവേശനമെന്ന നിന്റെ സ്വപനം താന്‍ വ്യക്തിപരമായി എടുത്തിട്ടുണ്ട്- സുഷമ ഞായറാഴ്ച ട്വീറ്റ് ചെയ്തു. ബന്ധപ്പെടാന്‍ സുഷമ ഫോണ്‍ നമ്പറും ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് സുഷമയെ വിളിച്ച  മാഷലിനോട് സര്‍ട്ടിഫിക്കറ്റുകള്‍ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷമാണ് കര്‍ണാടകയില്‍ മെഡിക്കല്‍ സീറ്റ് ഉറപ്പാക്കിയതായി മാഷലിനെ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക