2004 ഡിസംബര്‍ 26. ക്രിസ്മസ് ആഘോഷം കഴിഞ്ഞതിന്‍റെ ആലസ്യത്തിലായിരുന്നു ലോകം. രാവിലെ ഒമ്പതുമണി കഴിഞ്ഞതോടെ ലോകം വലിയ നടുക്കത്തിന്‍റെ ഭീമന്‍ തിരകളിലേക്ക് എടുത്തെറിയപ്പെട്ടു. സുനാമിയുടെ ഭീകരതാണ്ഡവം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമിയെന്ന മഹാദുരന്തം രൂപം കൊണ്ട് ആഞ്ഞടിച്ചിട്ട് ഇന്ന് 11 വര്‍ഷം തികയുന്നു.
പതിനാല് രാജ്യങ്ങളെയാണ് സുനാമി ബാധിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചത് ഇന്തോനേഷ്യ, ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍. ഇന്തോനേഷ്യയില്‍ മാത്രം 1,64000 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ രണ്ടരലക്ഷത്തിലേറെയാണ്.
റിക്‍ടര്‍ സ്കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ കടല്‍ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. ഇന്ത്യയില്‍ തമിഴ്നാട്, ആന്ധ്ര, പോണ്ടിച്ചേരി, ആന്‍ഡമാന്‍ - നിക്കോബാര്‍ എന്നിവിടങ്ങളിലാണ് സുനാമിയുടെ ദുരന്തം ഏറ്റവുമധികം ബാധിച്ചത്.