സുനന്ദയുടെ മരണം: തരൂര്‍ കുറ്റവിമുക്തനല്ലെന്ന് ഡല്‍ഹി പൊലീസ്
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:12 IST)
PTI
PTI
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംഭവിച്ചതെങ്ങനെയെന്നത് ദുരൂഹമായി തുടരുകയാണ്. ആന്തരികാവയവ പരിശോധനാ ഫലത്തിനും സുനന്ദയുടെ മരണം സംബന്ധിച്ച് വ്യക്തത നല്‍കാനായില്ല. അതേസമയം സുനന്ദയുടെ മരണത്തില്‍ തരൂര്‍ കുറ്റവിമുക്തനല്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.
സുനന്ദയുടെ മരണത്തില്‍ തരൂര്‍ നേരത്തെ തന്നെ ആരോപണവിധേയനായിരുന്നു. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്സഭയിലേക്ക് ജനവിധി തേടുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
സുനന്ദ മരിച്ചത് അമിതമരുന്നുപയോഗം മൂലമാണെന്നാണ് ആന്തരികാവയവ പരിശോധനാ ഫലം പറയുന്നത്. എന്നാല്‍ ഏതുതരം വിഷാംശമാണ് അകത്തുചെന്നതെന്നോ അത് എത്ര അളവിലാണെന്നോ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പരിശോധനാഫലത്തില്‍ വ്യക്തമാകുന്നില്ല.
മരണം എങ്ങനെ സംഭവിച്ചു എന്നത് സംഭവിച്ച ദുരൂഹതകള്‍ക്കെല്ലാം ആന്തരികാവയവ പരിശോധനാ ഫലം ഉത്തരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാരില്‍ നിന്നു തന്നെ സുനന്ദയുടെ മരണം സംബന്ധിച്ച സൂചനങ്ങള്‍ ലഭിക്കുമോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായ 12 മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമായിട്ടില്ല.
ജനവരി 17-നാണ് സുനന്ദ പുഷ്‌കറി(52)നെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണം ആണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.