സഞ്ജയ് ദത്തിന് മത്സരിക്കാനാവില്ല

ചൊവ്വ, 31 മാര്‍ച്ച് 2009 (14:39 IST)
PTI
ബോളിവുഡ് താരം സഞ്ജയ് ദത്തിന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തനിക്കെതിരെയുള്ള ടാഡാ കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദത്ത് നല്‍കിയിരുന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതാണ് ദത്തിന് തിരിച്ചടിയായത്.

ദത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്ന് ശിക്ഷാ കാലാവധി കുറയ്ക്കാനാവില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് പി സതാശിവം എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

തനിക്കെതിരെയുള്ള കേസും മുന്‍ ക്രിക്കറ്റര്‍ നവ്‌ജോത് സിംഗ് സിദ്ധുവിനെതിരെയുണ്ടായിരുന്ന കേസും ഒരുപോലെ കാണണം എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്നും ദത്തിന്‍റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ദത്തിനെതിരെ ആയുധ നിയമ പ്രകാരമുള്ള കേസ് കൂടുതല്‍ ഗൌരവമുള്ളതാണെന്നും അതിനാല്‍ ഒരുപോലെ പരിഗണിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുടെ ലക്നൌ സ്ഥാനാര്‍ത്ഥിയായിരുന്നു സഞ്ജയ് ദത്ത്. 1993 മുംബൈ സ്ഫോടന കേസില്‍ ആയുധ നിയമപ്രകാരം ആറ് വര്‍ഷത്തേക്കാണ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത്.



വെബ്ദുനിയ വായിക്കുക