ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നത് കാരണം വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു കുടുംബത്തിന് പൂനെയിലെ ഒരു കുടുംബ കോടതി അനുവദിച്ച വിവാഹമോചനം റദ്ദാക്കികൊണ്ടാണ് മുംബൈ ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
വിവാഹത്തിനു ശേഷം ഒരു ഭാര്യയും തന്റെ ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരുന്നതിനോട് സഹിഷ്ണുത കാട്ടില്ല എന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ പി ബി മജുംദാര്‍, ആര്‍ വി മോറെ എന്നിവര്‍ നിരീക്ഷിച്ചു. ദമ്പതിമാര്‍ക്ക് ഒരു കുട്ടിയുള്ളതിനാല്‍ ഒരുമിച്ച് കഴിയാനും പരസ്പരം കൂടുതല്‍ സഹരിച്ച് ജീവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കുടുംബ സുഹൃത്തായ സ്ത്രീയുമായി തന്റെ ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചതാണ് ദമ്പതികളെ കുടുംബ കോടതി കയറ്റിയത്. ഭര്‍ത്താവ് വീട്ടില്‍ താമസിച്ചേ എത്താറുള്ളൂ എന്നും പലപ്പോഴും കുടുംബ സുഹൃത്തായ സ്ത്രീയുമായി ദീര്‍ഘനേരം ചാറ്റ് ചെയ്യാറുണ്ടെന്നും ഇവര്‍ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ട് എന്നും ഭാര്യ ആരോപിച്ചു.
ഭാര്യയുടെ സംശയം ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് ദിവസവും വളരെ താമസിച്ച് വീട്ടിലെത്തുന്നത് ഏത് ഭാര്യയ്ക്കും സംശയമുണ്ടാക്കിയേക്കാമെന്നും കോടതി പറഞ്ഞു.