വെടിവയ്പ് നടത്തിയത് ഇന്ത്യക്കാര്‍: കസബ്

ചൊവ്വ, 19 ജനുവരി 2010 (09:42 IST)
26/11 ആക്രമണത്തില്‍ മുംബൈയിലെ താജ് ഹോട്ടലില്‍ വെടിവയ്പ് നടത്തിയ നാല് ഭീകരര്‍ ഇന്ത്യക്കാരാണെന്ന് അജ്മല്‍ അമിര്‍ കസബ്. കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതിക്കു മുമ്പാകെയാണ് കസബ് ഇക്കാര്യം പറഞ്ഞത്.

താജില്‍ കടന്ന ഒരു ഭീകരന്‍ കശ്മീരിയും മറ്റൊരാള്‍ ഗുജറാത്തിയുമാണ്. അബു ഇസ്മായില്‍ എന്ന മൂന്നാമന്‍ മുംബൈ സ്വദേശിയാണ്. എന്നാല്‍, നാലാമത്തെ ആളെ കുറിച്ച് പ്രത്യേക ജഡ്ജി എം‌എല്‍ തഹിലിയാനിക്കു മുന്നില്‍ കസബ് വെളിപ്പെടുത്തല്‍ ഒന്നും നടത്തിയില്ല.

ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞ, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കസബ് ഭീകരര്‍ ഇന്ത്യക്കാരാണെന്ന് പറഞ്ഞത്. ഇസ്മായില്‍ മുംബൈ സ്വദേശിയാണെന്ന് എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തോട് ‘മുഖം കണ്ടാല്‍ അറിയാം’ എന്നായിരുന്നു കസബ് പ്രതികരിച്ചത്.

കസബിനൊപ്പം രക്ഷപെടാന്‍ ശ്രമിച്ച ഇസ്മായിലിനെ ഗിര്‍ഗം ചൌപാത്തിക്ക് സമീപം വച്ച് പൊലീസ് വെടിവച്ചു കൊന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദം. കസബിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം മാധ്യമങ്ങളോട് പറഞ്ഞു.

കസബ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് കോടതിക്കു മുമ്പാകെ നടത്തുന്നത്. ആദ്യം താനും അബു ഇസ്മായിലും ചേര്‍ന്ന് ഛത്രപതി ശിവജി ടെര്‍മിനസില്‍ വെടിവയ്പ് നടത്തിയെന്ന് കസബ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, പിന്നീട് താന്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും പൊലീസിന്റെ പീഡനം കാരണമാണ് കുറ്റസമ്മതം നടത്തിയതെന്നും കസബ് മൊഴി മാറ്റിയിരുന്നു.

വെബ്ദുനിയ വായിക്കുക