കശ്മീരില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്‍ സന്തോഷ് മഹാദിക്കിന്റെ ഭാര്യ സൈന്യത്തില്‍ ചേരുന്നു. മഹാദികിന്റെ ഭാര്യ സ്വാതി മഹാദിക് ആണ് സൈന്യത്തിലേക്ക് ചേരാന്‍ ഒരുങ്ങുന്നത്. കശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സന്തോഷ് മഹാദിക് കൊല്ലപ്പെട്ടത്. സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ വച്ചാണ് താന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുമെന്ന് സ്വാതി പ്രതിജ്ഞ ചെയ്തത്.
പിന്നീട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും കരസേന മേധാവി ദല്‍ബീര്‍ സിംഗിന്റെയും പ്രത്യേക ശുപാര്‍ശ പ്രകാരം പ്രായത്തില്‍ ഇളവ് നല്‍കി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സ്വാതിക്ക് അനുമതി നല്‍കുകയായിരുന്നു. എസ് എസ് ബി പരീക്ഷ അനായാസം പാസായ സ്വാതി മെഡിക്കല്‍ ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷമായിരിക്കും കമ്മീഷന്‍ഡ് ഓഫീസറായി സൈന്യത്തില്‍ ചേരുക. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാകും സ്വാതിയുടെ നിയമനം.