വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ വിട്ടയച്ചു; ഭരണസഖ്യത്തില്‍ അസ്വസ്ഥത

ഞായര്‍, 8 മാര്‍ച്ച് 2015 (10:35 IST)
ഹുറിയത്ത് നേതാവ് മസ്രത്ത് ആലമിനെ വിട്ടയച്ചു. രാഷ്‌ട്രീയത്തടവുകാരെ വിട്ടയയ്ക്കാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ആലമിനെ മോചിപ്പിച്ചത്. എന്നാല്‍, ആലമിന്റെ മോചനത്തെ തുടര്‍ന്ന് ജമ്മു കാശ്‌മീരിലെ ഭരണസഖ്യത്തില്‍ അസ്വസ്ഥത പുകയുകയാണ്.
 
ഭരണസഖ്യത്തിലെ ബി ജെ പിയുടെയും സുരക്ഷ ഏജന്‍സികളുടെയും എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ മസ്രത്ത് ആലമിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. 2008ലും 2010ലും കശ്മീര്‍ താഴ്‌വരയില്‍ കല്ലെറിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് ആലം ജയിലിലായത്. ജമ്മു കശ്മീര്‍ മുസ്‌ലീം ലീഗിന്റെ നേതാവാണ് 42കാരനായ മസ്രത്ത് ആലം.
 
അതേസമയം, മസ്രത്ത് ആലം രാഷ്‌ട്രീയത്തടവുകാരനല്ലെന്നും ഭീകരനാണെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന കുറ്റപ്പെടുത്തി.ഇയാളെ മോചിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയാണെന്നും ഇത്തരം പാക്കനുകൂലികളെ ജയിലില്‍നിന്ന് വിടുകയാണെങ്കില്‍ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമമാണെന്നും എം എല്‍ എ കൂടിയായ റെയ്‌ന പറഞ്ഞു.
 
അതേസമയം, ആലമിനെ മോചിപ്പിച്ചതില്‍ സംസ്ഥാന പൊലീസ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ താഴ്വരയിലെ അക്രമാസക്ത സമരങ്ങളുടെ ആസൂത്രകനാണ് ആലം എന്നാണ് ഇവരുടെ ഭാഷ്യം.

വെബ്ദുനിയ വായിക്കുക