വര്‍ഗീയ കക്ഷികളെ ഒഴിവാക്കാന്‍ സിപി‌എമ്മിന്റെ പിന്തുണ സ്വീകരിക്കുമെന്ന് എകെ ആന്റണി

ഞായര്‍, 30 മാര്‍ച്ച് 2014 (17:53 IST)
PRO
PRO
തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ വര്‍ഗീയ കക്ഷികളെ ഒഴിവാക്കാന്‍ വേണ്ടിവന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ളവവരുടെ പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണി. കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫ് ഭരണത്തില്‍ തൃപ്തരാണെന്നും സലീംരാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍ ഹൈക്കോടതി പരാമര്‍ശം വന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.

ഇപ്പോഴത്തെ നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സിപിഎം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്ന് പൊതുയോഗത്തില്‍ ആന്റണി പറഞ്ഞു. കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതിയാവും സിപിഎമ്മിന്റേതുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരുകളാണെന്നും എകെ ആന്റണി പറഞ്ഞു. ഭരണം കൈയാളിയ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തോട് ഏറ്റവും ഉദാരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പദ്ധതികളും സഹായങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കേരളത്തിന്റെ ആവശ്യങ്ങളുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റിയിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയമാണ്. അവിടുത്തെ വികസന പ്രശ്‌നങ്ങള്‍ വെറുതെ പ്രചരിപ്പിക്കപ്പെടുന്നതാണെന്നും ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക