വന്‍ ശക്തിയാ‍കാന്‍ ജയലളിത, മോഡിയോടൊപ്പവും ചേരും!

ഷമീര്‍ അഹമ്മദ് കെ.

ബുധന്‍, 14 മെയ് 2014 (17:45 IST)
ഇന്ത്യന്‍ രാഷ്ട്രീയം ഇത്തവണ ഉറ്റുനോക്കുന്നത് ജയലളിതയെയാണ്. ജയയുടെ തീരുമാനം അനുസരിച്ചായിരിക്കും ഇന്ത്യയില്‍ പുതിയ ഭരണം നിലവില്‍ വരുക എന്നതാണ് വസ്തുത. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 30 സീറ്റുകള്‍ക്ക് മുകളില്‍ ജയലളിത നേടാനാണ് സാധ്യത. അത് യാഥാര്‍ത്ഥ്യമായാല്‍ കേന്ദ്രത്തിലെ ഏറ്റവും നിര്‍ണായകശക്തിയാകാന്‍ പോകുന്നത് ജയലളിത തന്നെയായിരിക്കും.
 
മമത ബാനര്‍ജിയും മുപ്പതിനടുത്ത് സീറ്റുകള്‍ നേടുമെന്നാണ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. എങ്കിലും മമതയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജയലളിതയ്ക്ക് തന്നെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. 
 
എന്‍ ഡി എ സഖ്യത്തിന് ജയലളിത താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് പുതിയ വിവരം. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ സഖ്യത്തിന് താല്‍പ്പര്യമുണ്ട് എന്ന് എ ഐ എ ഡി എം കെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ഡി എയ്ക്ക് 250ല്‍ താഴെ സീറ്റുകള്‍ മാത്രം ലഭിക്കുകയാണെങ്കില്‍ ജയലളിതയുടെ കൂട്ട് അവര്‍ക്ക് ഏറ്റവും ആവശ്യമായി വരും. കേന്ദ്രമന്ത്രിസഭയിലെ സുപ്രധാനവകുപ്പുകള്‍ ചോദിച്ചുവാങ്ങി എന്‍ ഡി എയിലെ നിര്‍ണായകശക്തിയാകാനായിരിക്കും ജയലളിത ശ്രമിക്കുക.
 
മൂന്നാം മുന്നണിക്ക് സാധ്യത തെളിയുകയാണെങ്കില്‍ അവിടെയും സുപ്രധാനപങ്കുവഹിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജയലളിത.

വെബ്ദുനിയ വായിക്കുക