വനിതാ ഹോസ്റ്റലില്‍ ദിഗംബരന്‍!

വെള്ളി, 22 ഒക്‌ടോബര്‍ 2010 (08:59 IST)
നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥിനിയെ വനിതാ ഹോസ്റ്റലില്‍ വച്ച് നഗ്നനായ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. 265 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നടന്ന പീഡന ശ്രമം വിദ്യാര്‍ത്ഥിനികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് ‘അഹമ്മദാബാദ് മിറര്‍‘ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച വെളുപ്പിന് രണ്ട് മണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി വെള്ളം എടുക്കുന്നതിനായി രണ്ടാം നിലയില്‍ എത്തിയ സമയത്താണ് നഗ്നനായ ഒരാള്‍ പിന്നിലൂടെ എത്തി കീഴ്പ്പെടുത്താന്‍ ശ്രമിച്ചത്.

ആദ്യം അമ്പരന്ന വിദ്യാര്‍ത്ഥിനി പീഡന ശ്രമത്തെ ശക്തമായി നേരിട്ടു. തന്നെ പിടികൂടാന്‍ വന്ന ആളെ മുട്ടുകൊണ്ട് നിലത്തമര്‍ത്തി മറ്റുള്ളവരെ സഹായത്തിനു വിളിച്ചു കൂട്ടി. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥിനികളും വാച്ചറും മറ്റും ഓടിയെത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥിനിയുടെ കൈയ്യിലും തോളിലും കടിയേല്‍പ്പിച്ച അജ്ഞാതന്‍ രക്ഷപെട്ടു.

സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ഖേദപ്രകടനം നടത്തുകയും ഹോസ്റ്റലില്‍ന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി നല്‍കിയ വ്യക്തി വിവരണവുമായി സാമ്യമുള്ള ഒരു യുവാവിനെ സംഭവുമായി ബന്ധപ്പെട്ട് സമീപത്തുള്ള കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക