ലങ്കയിലെ കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലയെന്ന് റിപ്പോര്‍ട്ടുകള്‍

ശനി, 9 നവം‌ബര്‍ 2013 (11:17 IST)
PRO
ശ്രീലങ്കയില്‍ അടുത്താഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പിന്‍മാറിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.

തമിഴ്‌നാട്ടില്‍ നിന്നുളള രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും ഒന്നടങ്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ ശക്‌തമായി എതിര്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ഇത്‌. കൊളംബോയില്‍ നവംബര്‍ 15 മുതല്‍ 17 വരെയാണ്‌ ഉച്ചകോടി.

തമിഴ്‌നാട്ടിലെ ജനവികാരവും, രാഷ്ട്രീയ സാഹചര്യങ്ങളും ധനമന്ത്രി പി.ചിദംബരം കോര്‍ഗ്രൂപ്പില്‍ അറിയിച്ചു. ശക്‌തമായ ജനവികാരം അവഗണിച്ച്‌ പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോകുന്നത്‌ രാഷ്ട്രീയമായി ഗുണകരമാകില്ലെന്നാണ്‌ ചിദംബരം അടക്കമുളള നേതാക്കളുടെ അഭിപ്രായം.

ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും, കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന ധാരണയിലെത്തുകയായിരുന്നു. എന്നാല്‍, ശ്രീലങ്കയുമായുളള ബന്ധം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

വെബ്ദുനിയ വായിക്കുക