രോഹിത് ശേഖറിന്റെ അച്ഛന്‍ തിവാരി തന്നെ

വെള്ളി, 27 ജൂലൈ 2012 (17:23 IST)
PRO
PRO
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി തന്നെയാണ് രോഹിത് ശേഖറിന്റെ പിതാവ് എന്ന് ഡി എന്‍ എ പരിശോധനാ ഫലം. ഡല്‍ഹി ഹൈക്കോടതിയാണ് പരിശോധനാ ഫലം പ്രസിദ്ധപ്പെടുത്തിയത്.

രോഹിത് ശേഖര്‍ മകനല്ലെന്ന നിലപാടില്‍ ആയിരുന്നു മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമായ തിവാരി. തുടര്‍ന്ന് രോഹിത് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് ഡി എന്‍ എ പരിശോധന നടത്തിയത്. പരിശോധനയെ ആദ്യം എതിര്‍ത്ത തിവാരി ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
ഒടുവില്‍, പരിശോധനാ ഫലം പരസ്യപ്പെടുത്തരുതെന്ന് തിവാരി കോടതിയോട് ആവശ്യപ്പെട്ടുനോക്കി. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവര്‍ അതില്‍ ഇടപെട്ട് സമയം കളയേണ്ടെന്നുമാണ് തിവാരിയുടെ ഇപ്പോഴത്തെ പ്രതികരണം.

തിവാരി തന്റെ അച്ഛനാണെന്ന അവകാശവാദവുമായി രോഹിത് ശേഖറും അദ്ദേഹത്തിന്റെ അമ്മ ഉജ്ജ്വല ശര്‍മയുമാണ് കോടതിയെ സമീപിച്ചത്. 2008-ലായിരുന്നു ഇത്. എന്നാല്‍ രോഹിത് തന്റെ മകനല്ലെന്ന ഉറച്ച് നിലപാടിലായിരുന്നു തിവാരി.

വെബ്ദുനിയ വായിക്കുക