രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനാധിപത്യമില്ല എന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. നിലവിലുള്ള സംവിധാനത്തെ മാറ്റിമറിക്കുന്നതിന് യുവാക്കള്‍ പത്ത് വര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിന് യുവാക്കള്‍ മടിച്ചു നില്‍ക്കുകയാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തമാവേണ്ടതുണ്ട്. മഹാരാഷ്ട്ര സന്ദര്‍ശനത്തിന് അവസാനം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തത്.
അഴിമതി ഗൌരവമേറിയ പ്രശ്നമാണ്. അത് പാവങ്ങളില്‍ നിന്നുള്ള മോഷണമാണ്. സാമ്പത്തിക വളര്‍ച്ചയിലൂടെ ധാരാളം പണം നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നു. അത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വഴികളിലൂടെ പാവങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദര്‍ശ് അഴിമതി, ഗെയിംസ് അഴിമതി, 2ജി സ്പെക്ട്രം, കള്ളപ്പണം, സിവിസി നിയമനം തുടങ്ങി നിരവധി അഴിമതി കേസുകള്‍ യുപിഎ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന അവസരത്തിലാണ് അഴിമതിക്കെതിരെ യുവാക്കള്‍ രംഗത്ത് എത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.