തന്റെ വീട്ടിൽ നിന്നും ഒരു രേഖയും ആദായനികുതി വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി രാമമോഹന റാവു. സി ആർ പി എഫിനെതിരെ രൂക്ഷവിമർശനവുമായി റാവു രംഗത്തെത്തിയിരിക്കുകയാണ്. ആദായനികുതി റെയ്ഡിനെത്തുടർന്ന് റാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇതിനെതിരേയും റാവു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു രഹസ്യ രേഖകളും തന്റെ വീട്ടിൽ നിന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. തന്റെ വീട്ടിൽ നിന്ന് പിടിച്ചത് 1, 12, 310 രൂപ മാത്രമാണ്. സംസ്ഥാന സർക്കാറിന്റെ അധികാരത്തിൽ കേന്ദ്ര സർക്കാർ കൈകടത്തുകയാണ് ചെയ്യുന്നത്. കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി ശേഖർ റെഡ്ഡിമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ റെയ്ഡിൽ കണ്ടെത്താൻ ആയിട്ടില്ല എന്നും റാവു മാധ്യമങ്ങളോട് പറഞ്ഞു.
സി ആർ പി എഫ് തോക്കിൻ മുനയിൽ നിർത്തിയാണ് തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയത്. റെയ്ഡ് ഭരണഘടനാപരമായ അവഹേളനമാണ്. താൻ ഇപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറി തന്നെയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയാണ് തന്നെ ചീഫ് സെക്രട്ടറി ആക്കിയത്. തനിക്ക് സ്ഥാനമാറ്റം ഉത്തരവ് നൽകാൻ ഈ സർക്കാരിന് ധൈര്യമില്ല. സി ആർ പി എഫിന്റെ വീട്ടുതടങ്കലിലാണ് താനും കുടുംബവും എന്നും റാവു ആരോപിച്ചു. സി ബി ഐയുടെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റാണ് കേസ് കൈകാര്യം ചെയ്യുന്നത്.